
ന്യൂഡൽഹി: കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ആരോഗ്യരക്ഷാ സംവിധാനങ്ങൾ വിലയിരുത്താനും വർദ്ധിപ്പിക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.ഇത് സംബന്ധിച്ച്
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കാനും കൂടുതൽ കിടക്കകൾ, ഓക്സിജൻ ലഭ്യത, ആവശ്യമായ മരുന്നുകളുടെ സ്റ്റോക്ക് എന്നിവ ഉറപ്പ് വരുത്താനുമാണ് നിർദ്ദേശം. ഈ കാര്യങ്ങളിൽ പതിവായ അവലോകനം നടത്തണം. വീടുകളിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക ടീമുകൾ, കോൾ സെന്ററുകൾ, കൺട്രോൾ റൂമുകൾ, എന്നിവ രൂപീകരിക്കണം. ഗ്രാമീണ മേഖലയിലും കുട്ടികളുടെ ആരോഗ്യപരിപാലനത്തിലും പ്രത്യേക ശ്രദ്ധ വേണം. മിതമായ രോഗലക്ഷണമുള്ളവരെ ഹോട്ടലുകളിൽ താമസിപ്പിക്കാനുള്ള സൗകര്യമേർപ്പെടുത്തണമെന്നും നിർദ്ദേശത്തിലുണ്ട്.
 കൊവിഡ് വ്യാപനം 35 ശതമാനം
പുതുവർഷത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ 35 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ 22,775 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അത് കഴിഞ്ഞ 70 ദിവസത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനയായി മാറി. 406 മരണവും സ്ഥിരീകരിച്ചു. എന്നാൽ രാജ്യത്തെ രോഗമുക്തി നിരക്ക് 98.32 ശതമാനം എന്നത് ആശ്വാസകരമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ ഒമിക്രോൺ കേസുകൾ 1,431 ആയി. മഹാരാഷ്ട്ര ( 454), ഡൽഹി (351), തമിഴ്നാട് (118), ഗുജറാത്ത് (115), കേരളം (107) തുടങ്ങി 23 സംസ്ഥാനങ്ങളിലായി കേസുകൾ കണ്ടെത്തി. 24 മണിക്കൂറിനുള്ളിൽ 161 ഒമിക്രോൺ കേസുകൾ വർദ്ധിച്ചു. 488 ഒമിക്രോൺ ബാധിതർ രോഗമുക്തി നേടി.