school

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകളിൽ സൂര്യനമസ്കാര പരിപാടി നടത്താനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ അഖിലേന്ത്യാ മുസ്ളിം വ്യക്തിനിയമ ബോർഡ് രംഗത്ത്. സൂര്യനെ നമസ്കരിക്കുന്നത് അനിസ്ളാമികമാണെന്നും മുസ്ളിംകുട്ടികളെ അതു ചെയ്യിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഖാലിദ് സൈഫുള്ള റഹ്‌മാനി പ്രസ്‌താവനയിൽ പറഞ്ഞു.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ബഹുമത, ബഹുസംസ്‌കാര,മതേതര മൂല്യങ്ങൾക്ക് എതിരാണ് സൂര്യനമസ്കാരം ചെയ്യാനുള്ള ഉത്തരവ്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒരു മതം മാത്രം പഠിപ്പിക്കുന്നതും ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഘോഷങ്ങളും ഭരണഘടനാ വിരുദ്ധമാണ്. ഭൂരിപക്ഷ സമുദായത്തിന്റെ പാരമ്പര്യം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

ജനുവരി ഒന്നുമുതൽ 7വരെ ആദ്യഘട്ടത്തിൽ 30,000 സ്കൂളുകളിൽ സൂര്യനമസ്കാര പരിപാടി നടത്താനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ജനുവരി 26ന് റിപ്പബ്ളിക് ദിനത്തിൽ മെഗാ സൂര്യനമസ്കാര പരിപാടിയും ആലോചിക്കുന്നു. സൂര്യനമസ്കാര പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തെ സർവകലാശാലാ വൈസ് ചാൻസലർമാർക്കും കോളേജ്പ്രിൻസിപ്പൽമാർക്കും യു.ജി.സി സെക്രട്ടറി രജ്‌നീഷ് ജെയിൻ കത്തയച്ചിരുന്നു.