
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ കൂടുതൽ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക്. ഡൽഹിയിൽ ശനി, ഞായർ ദിവസങ്ങളിലും പഞ്ചാബിൽ രാത്രിയിലും കർഫ്യൂ പ്രഖ്യാപിച്ചു. യു.പിയിലും ഉടൻ രാത്രികർഫ്യൂ പ്രഖ്യാപിക്കും. മുംബെയിൽ വ്യാപനം ശക്തമാകുകയാണെങ്കിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കും. രാജ്യത്തെ 24 മണിക്കൂറിനുള്ളിലെ കൊവിഡ് രോഗവ്യാപനം 40,000 കടക്കുകയാണ്. 124 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ ആകെ 1,892 ലെത്തി നിൽക്കുന്നു. രാജ്യത്തെ പോസിറ്റീവിറ്റി നിരക്ക് 3.5 പിന്നിടുകയാണ്.
രാജ്യ തലസ്ഥാനത്ത് അതിവേഗത്തിലാണ് കൊവിഡ് വ്യാപനം. കൊവിഡിന്റെ 80 ശതമാനത്തിലധികവും ഒമിക്രോണാണെന്ന് കണ്ടെത്തി. ഒരാഴ്ചയ്യ്ക്കുള്ളിൽ ഡൽഹിയിൽ കേസുകൾ വൻതോതിൽ ഉയരുമെന്ന് ആരോഗ്യ വൃത്തങ്ങൾ പറയുന്നു. ഡിസംബറിൽ 7,277 കൊവിഡ് കേസുകൾ സ്ഥിരീകരിച്ച സ്ഥാനത്ത് പുതുവർഷത്തിൽ മൂന്ന് ദിവസങ്ങളിൽ മാത്രം സ്ഥിരീകരിച്ച കേസുകൾ 10,000 കവിയുകയാണ്. യു.പിയിൽ 18 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. ഡൽഹിയിൽ കേസുകൾ വർദ്ധിക്കുന്നതിനിടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യാന്തര സർവീസ് നിറുത്തിവയ്ക്കാത്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ രംഗത്തെത്തി.
മുംബെയിൽ ഏത് സാഹചര്യവും നേരിടാൻ തക്ക രീതിയിൽ സജ്ജമാണെന്ന് ഡൽഹി മേയർ കിഷോരി പെഡ്നേക്കർ പറഞ്ഞു. രണ്ടാം തരംഗ സമയത്ത് ഞങ്ങൾ കുറെ പാഠം പഠിച്ചു. ആശുപത്രി കിടക്കകൾക്ക് പുറമേ 30,000 കിടക്കകൾ കൂടി തയ്യാറാണ്. ഓക്സിജൻ ക്ഷാമവും പരിഹരിച്ചിട്ടുണ്ട്. മുംബെയിൽ നാലിരട്ടി വേഗതയിലാണ് കൊവിഡ് വ്യാപനം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലുണ്ടായ 12,160 കേസുകളിൽ 8,082 കേസുകളും മുംബെയിലാണ്.
40% കിടക്കകൾ മാറ്റിവയ്ക്കാൻ ഉത്തരവ്
ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിലെ 40 ശതമാനം കിടക്കകൾ കൊവിഡ് കേസുകൾക്കായി മാറ്റിവയ്ക്കാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. ഡൽഹിയിലെ അമ്പതോ അതിലധികമോ കിടക്കകളുള്ള ആശുപത്രികൾക്കാണ് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഹെൽത്ത് സർവീസ് ഉത്തരവ് നൽകിയത്. ഡിസം. 31 ന് 2.44 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ദിവസങ്ങൾക്ക് ശേഷം 8 ശതമാനമായി ഉയർന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.