rahul-gandhi

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലചെയ്ത സംഭവവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത ഫോട്ടോയ്ക്ക് കുട്ടിയുടെ മാതാപിതാക്കൾ സമ്മതം നൽകിയതായി ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

2021 ആഗസ്റ്റ് 21ന് തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ 9വയസ്സുള്ള ദളിത് പെൺകുട്ടിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. ഇത് 2015 ലെ ജുവൈനൽ ആക്ടിന്റെ ലംഘനമാണെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കാൻ നാഷണൽ കമ്മി​ഷൻ ഫോർ പ്രൊട്ടക്‌ഷൻ ഒഫ് ചൈൽഡ് റൈറ്റ്സിനും ഡൽഹി പൊലീസ് കമ്മി​ഷണർക്കും നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ മകരന്ദ് സുരേഷ് മാധ്വൽക്കർ നൽകിയ ഹർജിയിലാണ് ട്വിറ്റർ നൽകിയ വിശദീകരണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം നൽകുക വഴി പെൺകുട്ടിയുടെ സ്വകാര്യത വെളിപ്പെടുത്തിയതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എൻ.സി.പി.സി.ആർ കഴിഞ്ഞ വർഷം ആഗസ്റ്റ് 4 ന് ട്വിറ്ററിന് കത്തെഴുതിയിരുന്നു.