
ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ പാംഗോഗ് തടാകത്തിന് കുറുകെ ചൈനീസ് പട്ടാളം പാലം നിർമ്മിച്ചതിനെ അപലപിച്ച് ഇന്ത്യ. 60 വർഷമായി അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്താണ് പാലം നിർമ്മിച്ചെതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇത് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കയ്യേറ്റത്തെ നമ്മൾ ഒരിക്കലും അംഗീകരിക്കില്ല. സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. രാജ്യത്തിന്റെ സുരക്ഷാ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ ഉറപ്പാക്കും.
ടിബറ്റൻ പാർലമെന്റ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിനെ വിമർശിച്ച് ചൈനീസ് എംബസി എം.പിമാർക്ക് കത്തെഴുതിയത് നല്ല കീഴ്‌വഴക്കമല്ലെന്നും ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്നതാണെന്നും ബാഗ്ചി പറഞ്ഞു.ചൈനീസ് എംബസിയിലെ പൊളിറ്റിക്കൽ കൗൺസിലർ ഷൗ യോംഗ്ഷെംഗ് എം.പിമാർക്ക് അയച്ച കത്തിലെ ഉള്ളടക്കവും ശൈലിയും അനുചിതമാണ്. ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ എം.പിമാർക്ക് അവരുടേതായ നിലപാടുകളും വിശ്വാസങ്ങളുമുണ്ടെന്ന് ചൈന മനസിലാക്കണം. ഇത്തരം നടപടി ഭാവിയിൽ ചൈനീസ് എംബസിയുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അരിന്ദം ബാഗ്ചി പറഞ്ഞു.