
ന്യൂഡൽഹി: മത ജാതി സമവാക്യങ്ങൾക്കും, വികസനത്തിനും പുറമെ, ഉത്തരേന്ത്യയെ ഇളക്കി മറിച്ച
കർഷക പ്രക്ഷോഭവും ഇത്തവണ യു.പി നിയമസഭാ തിരഞ്ഞെടുപ്പിലെ വിധിയെഴുത്തിൽ നിർണ്ണായകമാവും.
. യോഗി ആദിത്യനാഥിന്റെ തുടർ ഭരണം ശക്തമായി നിലനിറുത്താൻ ബി.ജെ.പി കിണഞ്ഞ് ശ്രമിക്കുന്നു. കേന്ദ്ര സർക്കാരിനെതിരായ കർഷക രോഷം പടിത്താറൻ യു പിയിൽ പ്രഹരമേൽപ്പിക്കാൻ സാദ്ധ്യതയുള്ളപ്പോഴും ഭിന്നിച്ച് നിൽക്കുന്ന പ്രതിപക്ഷത്തിലും, സംസ്ഥാനത്ത് നടപ്പാക്കിയ വൻ വികസന പദ്ധതികളിലും പ്രതീക്ഷയർപ്പിക്കുകയാണ് ബി.ജെ.പി. അഭിപ്രായ സർവ്വേകളിൽ 40 ശതമാനം വോട്ടും തുടർ ഭരണവും പ്രവചിക്കുമ്പോഴും, 50 മുതൽ 100 സീറ്റ് വരെ കുറഞ്ഞേക്കുമെന്ന പ്രവചനം ബി.ജെ.പിയെ ആശങ്കയിലാഴ്ത്തുന്നു.
കർഷകസമരം വലിയ തോതിൽ സ്വാധീനിച്ച പടിഞ്ഞാറൻ യു പി യിൽ ലഖിംപൂർ ഖേരി അക്രമ സംഭവം
കൂടിയായതോടെ, ജാട്ട് വിഭാഗത്തിലെ ബി.ജെ.പി വിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ സമാജ് വാദി പാർട്ടി ഒരു കൈ നോക്കുന്നു. അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളും കൂട്ടിനുണ്ട്. ജാട്ട് -മുസ്ലിം ഐക്യത്തിലൂടെ നേട്ടം കൊയ്യാനാണ് നീക്കം.
 വികസനവും മതവും കൂട്ടിക്കലർത്തി
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോടികളുടെ വികസന പദ്ധതികളിൽ പലതും മതപരമായ കേന്ദ്രങ്ങളെ കോർത്തിണക്കി യോഗി സർക്കാർ നടപ്പാക്കിയത് വോട്ട് ബാങ്കുകൾ ലക്ഷ്യം വച്ചാണ്. രാമജന്മഭൂമി ക്ഷേത്രനഗരി , കാശി വിശ്വനാഥ ധാം, ബുദ്ധകേന്ദ്രമായ കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ നിർമ്മാണവും ഇതേ ലക്ഷ്യത്തോടെയാണ്. സമാജ് വാദി പാർട്ടിയും കോൺഗ്രസുമെല്ലാം ഇതേ പാതയിലാണ്. യോഗി ആദിത്യനാഥ് മഥുര മണ്ഡലത്തിൽ നിന്ന് ജനവിധി തേടണമെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ തന്നോട് സ്വപ്നത്തിൽ പറഞ്ഞതായി ബി.ജെ.പി എം.പി അറിയിച്ചപ്പോൾ, ശ്രീകൃഷ്ണൻ സ്ഥിരമായി സ്വപ്നത്തിൽ വന്ന് എസ്.പി അധികാരത്തിൽ തിരിച്ചെത്തുമെന്ന് തന്നോട് പറയാറുണ്ടെന്നായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി. അയോദ്ധ്യയിലേക്ക് പ്രായമുള്ളവർക്ക് സൗജന്യ യാത്ര അനുവദിച്ച് ആം ആദ്മി പാർട്ടിയും, ,ക്ഷേത്ര ദർശനങ്ങൾ നടത്തി പ്രിയങ്കയും ഉന്നമിടുന്നത് ഹിന്ദു വോട്ടുകളാണ്..
 ഇടത് പിന്തുണയും അഖിലേഷിന്
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മുന്നേറ്റം ഊർജമാക്കി അധികാരം പിടിക്കാനാണ് അഖിലേഷ് യാദവിന്റെ ശ്രമം. സി.പി.എം ഉൾപ്പെടെയുള്ള ഇടത് പാർട്ടികളും അഖിലേഷിനെ പിന്തുണക്കുകയാണ്. പിതൃസഹോദരനുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത അഖിലേഷ് ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയവയുടെ പിന്തുണയും ഉറപ്പിക്കാൻ ശ്രമിക്കുന്നു..
 പ്രിയങ്കയുടെ നീക്കം
വനിതാ വോട്ടർമാർക്ക് വൻ തോതിലുള്ള വാഗ്ദാനങ്ങൾ നൽകി പ്രചാരണം കൊഴുപ്പിക്കുകയാണ് പ്രിയങ്കാഗാന്ധി. അമേഠിയിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം രാഹുൽ ഗാന്ധി അവിടെയെത്തിയത് കഴിഞ്ഞ മാസമാണ് പ്രചരണ ചുമതല പ്രിയങ്കയ്ക്കാണ്. മഹിളാ ശക്തി സംവാദ് റാലികൾ നടത്തി വനിതകൾക്ക് സ്കൂട്ടറും പെൺകുട്ടികൾക്ക് കമ്പ്യൂട്ടറും, പൊലീസിൽ വൻ തോതിലുള്ള സംവരണവും
വാഗ്ദാനം ചെയ്യുന്നു പ്രിയങ്ക.
 തനിച്ച് പോരാടാൻ ബി.എസ്.പി
2007ൽ യു പി ഭരിച്ച മായാവതിയുടെ ബി.എസ്.പി ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ച് ഭരണം പിടിക്കുമെന്ന അവകാശവാദത്തിലാണ്. ദളിത്- ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ടാണ് നീക്കം. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സതീശ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിൽ ബ്രാഹ്മണ നേതാക്കളുടെ യോഗം വിളിക്കുന്നു. 20 ശതമാനത്തിലേറെ വോട്ട് ബാങ്കുള്ള ബി.എസ്.പി പിടിക്കുന്ന വോട്ടുകൾ ബി.ജെ.പിക്കും എസ്.പിക്കും ഭീഷണിയാകും.