സുപ്രീംകോടതി മുൻ ജഡ്ജി സമിതി അദ്ധ്യക്ഷൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ പ്രഖ്യാപിച്ച സുപ്രീംകോടതി, കേന്ദ്രവും പഞ്ചാബ് സർക്കാരും നടത്തുന്ന അന്വേഷണം റദ്ദാക്കി.
സുപ്രീംകോടതി മുൻ ജഡ്ജി അദ്ധ്യക്ഷനായ സമിതിയിൽ ചണ്ഡിഗഡ് ഡി.ജി.പി, എൻ.ഐ.എയുടെ ഉയർന്ന ഉദ്യോഗസ്ഥൻ, പഞ്ചാബ്- ഹരിയാന രജിസ്ട്രാർ ജനറൽ എന്നിവർ അംഗങ്ങളായിരിക്കും. പഞ്ചാബ് സർക്കാരിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തും. വിശദ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സമിതിയുടെ അന്വേഷണം തുടരാൻ അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷ തള്ളുകയായിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പഞ്ചാബ് ചീഫ് സെക്രട്ടറിയടക്കം 7 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിൽ അതൃപ്തിയും രേഖപ്പെടുത്തി.
കേന്ദ്ര സമിതിയുടെ അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും സ്വതന്ത്രസമിതി വേണമെന്നും പഞ്ചാബ് അഡ്വക്കറ്റ് ജനറൽ ഡി.എസ്. പട്വാലിയ ആവശ്യപ്പെട്ടു. എന്നാൽ എസ്.പി.ജി പ്രോട്ടോക്കോളിന്റെയും ബ്ലൂ ബുക്കിന്റെയും ലംഘനമാണ് നടന്നതെന്നും സംസ്ഥാന ഇന്റലിജൻസിന്റെ സമ്പൂർണ പരാജയമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. കേന്ദ്ര സമിതിയാണ് അന്വേഷണം നടത്തേണ്ടതെന്നും പറഞ്ഞു.
അന്വേഷണത്തിന് കേന്ദ്രം തീരുമാനമെടുത്തെങ്കിൽ പിന്നെന്തിനാണ് കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് ഹിമ കോഹ്‌ലി ചോദിച്ചു. ഉദ്യോഗസ്ഥർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണുള്ളതെന്ന് ജസ്റ്റിസ് സൂര്യകാന്തും ചൂണ്ടിക്കാട്ടി. തുടർന്ന് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
കോടതി അന്വേഷണത്തിനെതിരെ
വിദേശ ഫോൺകാൾ
സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കരുതെന്ന് ആവശ്യപ്പെട്ട് അജ്ഞാത വിദേശ ഫോൺ കാളുകൾ ഇന്നലെ സുപ്രീംകോടതിയിലെ അഭിഭാഷകർക്ക് ലഭിച്ചു. രാവിലെ 10.40 നും 12.36 നുമാണ് +447418365564 എന്ന നമ്പരിൽ നിന്ന് വിളി വന്നത്. സുരക്ഷാ വീഴ്ച്ചയ്ക്കിടയാക്കിയ റോഡ് തടയലിന്റെ ഉത്തരവാദിത്വം യു.എസ്.എയിലെ സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന ഏറ്റെടുക്കുന്നതായും കേസ് പരിഗണിക്കരുതെന്ന് ജഡ്ജിമാർക്ക് മുന്നറിയിപ്പ് നൽകുകയാണെന്നുമായിരുന്നു ഫോൺ വിളികൾ. 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ ആളുകളെ ശിക്ഷിക്കാത്ത കോടതി ഇക്കാര്യത്തിൽ നടപടിയെടുക്കരുതെന്നും അജ്ഞാതൻ പറഞ്ഞു.
ഫോൺ വിളിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി സെക്രട്ടറി ജനറൽ വീരേന്ദർകുമാർ ബൻസാലിന് പരാതി നൽകി. അഭിഭാഷകരുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ രഹസ്യ സ്വഭാവമുള്ള കോടതി രേഖകൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യപ്പെടാം.
- അഡ്വ. അൽജോ കെ.ജോസഫ്, സുപ്രീംകോർട്ട്
അഡ്വക്കേറ്റ്സ് അസോ. എക്സിക്യുട്ടീവ് അംഗം