
ന്യൂഡൽഹി:ആൺകുട്ടികൾക്കൊപ്പം തുല്യത ഉറപ്പാക്കാനും കരിയർ പുരോഗതി ലക്ഷ്യമിട്ടുമാണ് പെൺകുട്ടികളുടെ വിവാഹ പ്രായം 21ആയി ഉയർത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പുതുച്ചേരിയിൽ 25-ാമത് ദേശീയ യുവജന ഉത്സവം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആൺമക്കളും പെൺമക്കളും തുല്യരാണെന്ന വിശ്വാസമാണ് കേന്ദ്രസർക്കാരിന്. പെൺമക്കളുടെ ഉന്നമനത്തിനാണ് വിവാഹപ്രായം 21 ആക്കിയത്. അവർക്ക് കരിയർ വിപുലപ്പെടുത്താൻ കൂടുതൽ സമയവും ലഭിക്കും.
ലോകം ഇന്ത്യയെ വിശ്വാസത്തോടെയാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി, പറഞ്ഞു. ജനസംഖ്യാപരമായി ഇന്ത്യ ചെറുപ്പമാണ്. ഇന്ത്യയുടെ മനസും ചെറുപ്പമാണ്. ഇന്ത്യയുടെ സാദ്ധ്യതകളിലും സ്വപ്നങ്ങളിലും യുവത്വമുണ്ട്. ഇന്ത്യൻ ചിന്തകൾ മാറ്റത്തെ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ യുവതയ്ക്ക് കഠിനാദ്ധ്വാനത്തിനുള്ള കഴിവും ഭാവിയെക്കുറിച്ച് വ്യക്തതയുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യ ഇന്ന് പറയുന്നത് നാളെയുടെ ശബ്ദമായി ലോകം കണക്കാക്കുന്നത്.
യുവജനങ്ങൾ രാജ്യത്തിന് വേണ്ടി ജീവിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യണം. പുതിയ വെല്ലുവിളികൾക്ക് അനുസൃതമായി സ്വയം പരിണമിക്കാനും സമൂഹത്തെ വികസിപ്പിക്കാനും ഈ യുവത്വത്തിന് കഴിയും. ഇന്ത്യൻ യുവാക്കൾ ആഗോള തലത്തിലും സാന്നിദ്ധ്യമാകുകയാണ്. ഇന്ത്യയിൽ 50,000-ത്തിലധികം സ്റ്റാർട്ടപ്പുകളുണ്ട്. ഇതിൽ പതിനായിരത്തിലധികവും മഹാമാരിയിൽ ഉയർന്നുവന്നവയാണ്. ഒളിമ്പിക്സിലെയും പാരാലിമ്പിക്സിലെയും പ്രകടനവും പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിലെ യുവതയുടെ പങ്കാളിത്തവും ഇച്ഛാശക്തിയുടെ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്റെ സ്വപ്നത്തിലെ ഇന്ത്യ, സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത നായകർ എന്നീ വിഷയങ്ങളിലെ തെരഞ്ഞെടുത്ത ഉപന്യാസങ്ങൾ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. പുതുച്ചേരിയിൽ സ്ഥാപിച്ച എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ സാങ്കേതിക കേന്ദ്രവും ഓപ്പൺ എയർ തീയേറ്റർ അടങ്ങിയ
പെരുന്തലൈവർ കാമരാജർ മണിമണ്ഡപവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.