bomb

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഗാസിപ്പൂരിലെ ഫ്ലവർ മാർക്കറ്റിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കണ്ടെത്തി. നിയന്ത്രിത സ്ഫോടനത്തിലൂടെ നാഷണൽ സെക്യൂരിറ്റി ഗാർഡ് സ്ഫോടക വസ്തു നിർവീര്യമാക്കി. ഇന്നലെ രാവിലെ 9ന് ശേഷം സ്കൂട്ടറിൽ മാർക്കറ്റിലെത്തിയ ആളാണ് ബാഗ് ഉപേക്ഷിച്ചതെന്നാണ് വിവരം. തുടർന്ന് സ്പെഷ്യൽ പൊലീസും ബോംബ് സ്ക്വാഡും നാഷണൽ സെക്യൂരിറ്റി ഗാർഡും സ്ഥലത്തെത്തി.

3 കിലോയോളം വരുന്ന ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ആണ് ബാഗിലുണ്ടായിരുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ മാർക്കറ്റിനടുത്തുള്ള ഗ്രൗണ്ടിൽ വളരെ ആഴത്തിൽ കുഴിയെടുത്ത് സ്ഫോടകവസ്തു അതിൽ നിക്ഷേപിച്ച് നിയന്ത്രിത സ്ഫോടനം നടത്തുകയായിരുന്നു. വിഷയത്തിൽ അന്വേഷണം ശക്തമാക്കി. ബാഗ് കണ്ടെത്തിയ നടപ്പാതയിലും തൊട്ടടുത്ത പ്രദേശങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. സ്ഫോടകവസ്തു നിർമ്മിച്ച രാസഘടകങ്ങളെ സംബന്ധിച്ച് എൻ.എസ്.ജി റിപ്പോർട്ടും ഉടൻ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.