
ന്യൂഡൽഹി:ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇന്നലെ പുറത്തിറക്കിയ 107 പേരുടെ ആദ്യസ്ഥാനാർത്ഥി പട്ടികയിൽ ഒ.ബി.സി, ദളിത്, വനിതാ വിഭാഗങ്ങൾക്കായി 68 ശതമാനം സീറ്റുകൾ മാറ്റിവച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോദ്ധ്യയിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ നിന്ന് ബി.ജെ.പി നേതൃത്വം പിൻമാറി.
അഞ്ചുവട്ടം ലോക് സഭയിലേക്ക് വിജയിച്ച ഗോരഖ്പൂർ മണ്ഡലത്തിൽ ഉൾപ്പെട്ട ഗൊരഖ്പൂർ-അർബനിൽ നിന്നാണ് യോഗി മത്സരിക്കുന്നത്.
സ്ഥാനാർത്ഥികളിൽ 44 പേർ ഒ.ബി.സിയാണ്. 19 പേർ ദളിത് വിഭാഗമാണ്. പത്തു സീറ്റുകൾ വനിതകൾക്കും നൽകി. ആദ്യരണ്ടുഘട്ട വോട്ടെടുപ്പ് നടക്കുന്ന 113 മണ്ഡലങ്ങളിൽ ബി.ജെ.പി മത്സരിക്കുന്ന 107 മണ്ഡലങ്ങളിലെ ലിസ്റ്റ് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് പ്രഖ്യാപിച്ചത്. ഇവിടെ 83 സിറ്റിംഗ് സീറ്റുകളിൽ 20 പേർക്ക് പാർട്ടി ടിക്കറ്റ് നൽകിയില്ല.63 പേർ അവരുടെ സീറ്റുകളിൽ മത്സരിക്കും.
കൂടുതൽ ഹിന്ദുവോട്ടുകൾ ആകർഷിക്കാനാണ് യോഗി ആദിത്യനാഥിനെ അയോദ്ധ്യയിൽ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി ആലോചിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്ശേഷം ഒ.ബി.സി വിഭാഗക്കാരനായ മന്ത്രിയടക്കം പത്ത് എം.എൽ.എമാർ പാർട്ടി വിട്ടുപോയതോടെ നിലവിലെ കോട്ട ചോരാതെ നോക്കുകയാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ പാർട്ടി നേതൃത്വം, യോഗിയെ ഗൊരഖ് പൂരിൽ നിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.യോഗി ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞതവണ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്. ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ പ്രയാഗ് രാജിലെ സിറാത്തുവിൽ നിന്നും ജനവിധി തേടും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളിൽ 57 സീറ്റിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 55 മണ്ഡലങ്ങളിൽ 50 സീറ്റിലും ഇതോടെ ബി.ജെ.പി സ്ഥാനാർത്ഥിയായി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യു. പിയെ കലാപരഹിത സംസ്ഥാനമാക്കിയതായി തിരഞ്ഞെടുപ്പ് ചുമതലയുള്ള ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ബി.ജെ.പി തകർപ്പൻ വിജയം കൈവരിക്കുമെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
പഞ്ചാബ്: കോൺഗ്രസ്
ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 86 പേരുടെ പട്ടികയിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി സംവരണ മണ്ഡലമായ ചാംകൗർ സാഹിബിൽ നിന്നും പി.സി.സി അദ്ധ്യക്ഷൻ നവ ജ്യോത് സിംഗ് സിദ്ദു അമൃത് സർ ഈസ്റ്റിൽ നിന്നും മത്സരിക്കും. പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാല, നടൻ സോനു സൂദിന്റെ സഹോദരി മാളവിക സൂദ് എന്നിവർ യഥാക്രമം മാൻസ, മോഗ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടും.രാജ്യസഭാ എം.പി പ്രതാപ് സിംഗ് ബജ്വ, ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ എന്നിവരും മത്സര രംഗത്തുണ്ട്. ബാക്കിയുള്ള 31 സീറ്റുകളിലെ പട്ടിക പിന്നീട് പ്രഖ്യാപിക്കും. നേരത്തെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്ന് അന്തിമരൂപം നൽകിയ പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. 2017ൽ 77 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലേറിയത്.
റാലികൾക്കുള്ള
നിരോധനം
22 വരെ നീട്ടി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ റാലികൾക്കുള്ള നിരോധനം 22 വരെ തുടരും.ഇന്നലെ കേന്ദ്ര ആരോഗ്യസെക്രട്ടറി, സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, ആരോഗ്യസെക്രട്ടറിമാർ എന്നിവരുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ യോഗത്തിനൊടുവിലാണ് തീരുമാനം. 300 ആളുകളെ വരെ പങ്കെടുപ്പിച്ച് പൊതുവേദികളിൽ യോഗങ്ങൾ സംഘടിപ്പിക്കാം. ആളുകളുടെ എണ്ണം യോഗങ്ങൾ സംഘടിപ്പിക്കുന്ന ഹാളിന്റെ ആകെ ശേഷിയുടെ അമ്പത് ശതമാനത്തിൽ കൂടരുത്. ആളുകളുടെ എണ്ണം സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും തീരുമാനമെടുക്കാം.