rep

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ 23 ന് ആരംഭിക്കും. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 ഉൾപ്പെടുത്തുന്നതിനായാണ് പതിവിൽ നിന്ന് വിഭിന്നമായി ഒരു ദിവസം മുൻപ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. നേതാജിയുടെ ജന്മദിനം നേരത്തെ പരാക്രം ദിവസ് ആയി പ്രഖ്യാപിച്ചിരുന്നു. 23 ന് ആരംഭിക്കുന്ന ആഘോഷം 29 ന് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റോടെ സമാപിക്കും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ 24,000 പേർക്കാണ് പരേഡ് കാണാൻ അനുമതിയെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. വിശിഷ്ട വ്യക്തികൾ, സ്ഥാനപതിമാ‌ർ,ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, എൻ.സി.സി കാഡറ്റുകൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെയാണിത്. കൊവിഡ് വ്യാപനത്തിന് മുമ്പ് 1.25 ലക്ഷം പേർക്കാണ് പ്രവേശനാനുമതിയുണ്ടായിരുന്നത്. ഇത് രണ്ടാം തവണയാണ് കൊവിഡ് പശ്ചാത്തലത്തിൽ പരേഡ് നടക്കുന്നത്. കഴിഞ്ഞ വർഷം 25,000 പേരെ അനുവദിച്ചിരുന്നു.

ഇത്തവണയും മുഖ്യാഥിതിയായി വിദേശ രാഷ്ട്രങ്ങളിൽ നിന്നും പ്രതിനിധിയുണ്ടാകില്ല.