p

ന്യൂഡൽഹി: ഗെയിൽ (ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യ ലിമിറ്റഡ്) മാർക്കറ്റിംഗ് ഡയറക്ടർ ഉൾപ്പെടെ നാല് പേർക്കെതിരെ കൈക്കൂലി വാങ്ങിയതിന് സി.ബി.ഐ കേസെടുത്തു. മാർക്കറ്റിംഗ് ഡയറക്ടർ ഇ.എസ്. രംഗനാഥൻ, മലയാളിയായ രാമകൃഷ്ണൻ നായർ, ഡൽഹി സ്വദേശികളായ പവൻ ഗോർ, രാജേഷ് കുമാർ എന്നിവരാണ് പ്രതികൾ. രംഗനാഥൻ ഒന്നാം പ്രതിയും രാമകൃഷ്ണൻ നായർ നാലാം പ്രതിയുമാണ്. പവൻ ഗോർ, രാജേഷ് കുമാർ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.

ഗെയിൽ വിപണനം ചെയ്യുന്ന പെട്രോ കെമിക്കൽ ഉത്പന്നങ്ങൾക്ക് വില കുറച്ച് നൽകി വില്പന നടത്തുന്നതിന് ഇടനിലക്കാരായ ഡൽഹി സ്വദേശികളിൽ നിന്നും കൈക്കൂലിയായി 40 ലക്ഷം രൂപ വാങ്ങിയ രാമകൃഷ്ണൻ നായർ രംഗനാഥനെ ഏല്പിക്കുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. 1988ലെ അഴിമതി നിരോധന നിയമം 7, 7 എ, 8, 9, 10 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രംഗനാഥന്റെ വസതിയിലും ഡൽഹിയിലെയും നോയിഡയിലെയും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തി.