republuc-day-phlot

ന്യൂഡൽഹി: വരുന്ന റിപ്പബ്ളിക് ദിന പരേഡിൽ അവതരിപ്പിക്കേണ്ട ഫ്ളോട്ടുകൾ തിരഞ്ഞെടുത്തത് പ്രതിരോധ മന്ത്രാലയം നിയോഗിച്ച വിദഗ്‌ദ്ധ സമിതിയുടെ ശുപാർശ പ്രകാരമാണന്നും, പ്രാദേശിക താത്പര്യങ്ങളെ നരേന്ദ്ര മോദി സർക്കാർ അവഗണിച്ചതായുള്ള വിമർശനം ശരിയല്ലെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. റിപ്പബ്ളിക് ദിന പരേഡിനായുള്ള ഫ്ളോട്ടുകൾ തള്ളിയതിനെതിരെ കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് എതിർപ്പുയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

റിപ്പബ്ളിക് ദിന ഫ്ളോട്ടുകൾ തിരഞ്ഞെടുക്കുന്നത് ബന്ധപ്പെട്ട കലാ, സാംസ്കാരിക, സംഗീത, ശിൽപ, നൃത്ത മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ദ്ധരാണ്. ഇവർ ഒന്നിലധികം റൗണ്ടുകൾ നീണ്ട ചർച്ചകളിലൂടെ ഫ്ളോട്ടുകൾ വിലയിരുത്തും. 2022 റിപ്പബ്ളിക് ദിന പരേഡിനായി സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും വകകയായി ലഭിച്ച 56 ഫ്ളോട്ടുകളിൽ നിന്ന് 21 എണ്ണമാണ് തിരഞ്ഞെടുത്തത്. സമയപരിമിതി മൂലം ഫ്ളോട്ടുകൾ കുറയ്‌ക്കുന്നതിനാലാണിത്. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകൾ വിദഗ്‌ദ്ധ സമിതി പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് തള്ളിയത്. പ്രാദേശിക വികാരം കണക്കിലെടുക്കാതെ ഫ്ളോട്ടുകൾ തള്ളിയതാണെന്ന മുഖ്യമന്ത്രിമാരുടെ പ്രചാരണം ശരിയായില്ല. നരേന്ദ്രമോദി സർക്കാരാണ് 2018, 2021 വർഷത്തിൽ കേരളത്തിന്റെ ഫ്ളോട്ട് തിരഞ്ഞെടുത്തത്. 2016, 2017, 2019, 2020 വർഷങ്ങളിൽ തമിഴ്നാടിനും 2016, 2017, 2019, 2021 വർഷങ്ങളിൽ പശ്ചിമ ബംഗാളിനും അവസരം ലഭിച്ചതും ഇതേ സർക്കാരിന്റെ കാലത്താണ്. .

ചടയമംഗലം ജഡായുപ്പാറയുടെ മാതൃകയും ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയും ഉൾപ്പെടുത്തിയ കേരളത്തിന്റെ ഫ്ളോട്ടിന് ഇക്കുറി അനുമതി ലഭിക്കാതിരുന്നത് ഏറെ ചർച്ചയായിരുന്നു. ഗുരുദേവന് പകരം ശ്രീ ശങ്കരാചാര്യരുടെ പ്രതിമ വയ്ക്കണമെന്ന് പ്രതിരോധ മന്ത്രാലയം നിർദ്ദേശിച്ചതും വിവാദമായി. പശ്ചിമ ബംഗാൾ തയ്യാറാക്കിയ നേതാജി സുബാഷ് ചന്ദ്രബോസ് വിഷയമായ ഫ്ളോട്ട് തള്ളിയതിനെതിരെ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. ഭാരതീയാർ അടക്കം സ്വാതന്ത്രസമര സേനാനികളുമായി ബന്ധപ്പെടുത്തി നിർദ്ദേശിച്ച ഫ്ളോട്ട് തള്ളിയത് ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പരാതിപ്പെട്ടിരുന്നു.