p

ന്യൂഡൽഹി: അബുദാബിയിലെ നാഷണൽ ഓയിൽ കമ്പനിയിൽ ഹൂതി ഭീകരർ നടത്തിയ ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. യു. എ. ഇ വിദേശകാര്യ മന്ത്രി എച്ച്.എച്ച്. ഷെയ്ഖ് അബ്ദുള്ള ബിൻ സയിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചാണ് ഇന്ത്യയുടെ പിന്തുണ അറിയിച്ചത്.

യു. എ. ഇ ഭരണ നേതൃത്വത്തോടും ജനങ്ങളോടുമുള്ള ഇന്ത്യയുടെ പൂർണ ഐക്യദാർഢ്യം കേന്ദ്രമന്ത്രി അദ്ദേഹത്തെ അറിയിച്ചു. ഭീരുത്വം നിറഞ്ഞ ഈ ഭീകരാക്രമണത്തിൽ ജീവൻ നഷടപ്പെട്ട സംഭവത്തിൽ അനുശോചിക്കുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രി ജയശങ്കർ സംഭാഷണമദ്ധ്യേ പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞതായും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയാണെന്നും യു.എ.ഇയിലെ ഇന്ത്യൻ എംബസിയിൽ നിന്നും അറിയിച്ചു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും എംബസി വൃത്തങ്ങൾ പറഞ്ഞു.