
ന്യൂഡൽഹി: യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ കിസാൻ യൂണിയൻ ആരെയും പിന്തുണക്കില്ലെന്ന് രാകേഷ് ടികായത്ത്. കഴിഞ്ഞ ദിവസം ബി.കെ.യു പ്രസിഡന്റ് നരേഷ് ടികായത്ത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദൾ- സമാജ് വാദി പാർട്ടി സഖ്യത്തെ പിന്തുണയ്ക്കുമെന്ന് പ്രസ്താവന നടത്തിയെങ്കിലും ബി.ജെ.പി നേതാവ് സഞ്ജീവ് ബല്യാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രസ്താവന പിൻവലിച്ചിരുന്നു.
കർഷക സംഘടനകളുടെ മൂന്ന് ദിവസത്തെ അതിപ്രധാന യോഗമായ ചിന്തൻ ശിവിറിന് ശേഷമാണ് രാകേഷ് ടികായതും ആരെയും പിന്തുണക്കില്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. അഭിപ്രായ സർവെകളിൽ ബി.ജെ.പി യു.പിയിൽ അധികാരത്തിൽ തിരിച്ചെത്തിയേക്കുമെന്നതാണ് ബി.കെ.യുവിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്.
എന്നാൽ കേന്ദ്ര സർക്കാർ കർഷക സംഘടനകൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ടികായത്ത് ആരോപിച്ചു. താങ്ങ് വില സംബന്ധിച്ച കമ്മിറ്റിക്ക് രൂപം നൽകിയില്ല. ലഖിംപൂർ ഖേരി സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തെങ്കിലും ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ഇപ്പോഴും തന്റെ സ്ഥാനത്ത് തുടരുകയാണ്. അദ്ദേഹം പറഞ്ഞു.