
ന്യൂഡൽഹി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർത്ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ്, ഗോവ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ചേർന്ന് 34 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പനജിയിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട മുൻ മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിന് സീറ്റ് ലഭിച്ചില്ല. പകരം രണ്ട് മണ്ഡലങ്ങൾ നൽകിയെങ്കിലും അത് അദ്ദേഹം നിരസിച്ചു. അതേസമയം, ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ഉത്പലിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. സ്വതന്ത്രനായി മത്സരിച്ചാൽ എല്ലാ പ്രതിപക്ഷ പാർട്ടികളും അദ്ദേഹത്തെ പിന്തുണക്കണമെന്ന് ശിവസേനയും ആവശ്യപ്പെട്ടു.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രതാപ് സിംഗ് റാണയുടെ മണ്ഡലമായ പൊറിയത്തിൽ അദ്ദേഹത്തിന്റെ മകനും ഗോവ ആരോഗ്യ മന്ത്രിയുമായ വിശ്വജിത്ത് റാണയുടെ ഭാര്യ ദിവ്യ റാണെയ്ക്ക് ബി.ജെ.പി സീറ്റ് നൽകി. േേഇന്നലെ പ്രഖ്യാപിച്ച ആദ്യ പട്ടികയിൽ 11 പേർ ഒ.ബി.സി വിഭാഗത്തിലുള്ളവരും 9 പേർ കൃസ്ത്യൻ വിഭാഗത്തിലുള്ളവരുമാണ്. രണ്ട് സ്ത്രീകൾ മാത്രമാണ് പട്ടികയിലുള്ളത്.
അതേസമയം, യു.പിയിലെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 40 സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. ഇതിൽ 16 പേർ വനിതകളാണ്.