kk

ന്യൂഡൽഹി: കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിദിന വർദ്ധന ആശങ്കപ്പെടുത്തുന്നതാണെന്നും ഇവിടങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വാക്സിനേഷൻ ഒമിക്രോൺ മൂലമുള്ള മൂന്നാം തരംഗത്തെ നേരിടുന്നതിൽ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളം,മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, പശ്ചിമബംഗാൾ, യു.പി, ഗുജറാത്ത്, ഒഡീഷ, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.ഇതിൽ കേരളം, മഹാരാഷ് കർണാടക, തമിഴ്നാട്, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നു. വാക്സിനേഷനിലെ വർദ്ധന കാരണം മൂന്നാം തരംഗത്തിൽ മരണ സംഖ്യ കുറഞ്ഞു. രാജ്യത്തെ 72ശതമാനം ആളുകളും വാക്സിനെടുത്തു കഴിഞ്ഞു. 15-17 പ്രായക്കാരിൽ 52ശതമാനവും ഒരു ഡോസ് എടുത്തു. ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാക്സിനേഷൻ കൂടുതൽ വിപുലപ്പെടുത്തുമെന്നും രാജേഷ് ഭൂഷൺ പറഞ്ഞു

ഡൽഹിയിൽ ആർടി.പി.സി.ആർ

നിരക്ക് 300 രൂപയാക്കി

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും ആർടി.പി.സി.ആർ പരിശോധനാ നിരക്ക് 500രൂപയിൽ നിന്ന് 300രൂപയായി കുറയ്ക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. വീട്ടിൽ വന്ന് സാമ്പിൾ എടുക്കുന്നതിനുള്ള നിരക്ക് 700 രൂപയിൽ നിന്ന് 500രൂപയായും കുറച്ചു. റാപ്പിഡ് ആന്റിജൻ പരിശോധനാ നിരക്ക് 300ൽ നിന്ന് 100രൂപയാക്കി.