child

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം 18 വയസിനു താഴെയുള്ളവർക്കായി പുറത്തിറക്കിയ മാർഗരേഖ പ്രകാരം 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമല്ല. രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വേണമെങ്കിൽ ഉപയോഗിക്കാം. 18ൽ താഴെ ആന്റിവൈറൽ, മോണോക്ളോണൽ ആന്റിബോഡി ചികിത്സ ആവശ്യമില്ലെന്നും സ്റ്റിറോയ്ഡ് ഉപയോഗം നിയന്ത്രിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്ക് മാസ്ക് ആവശ്യമില്ല. 12വയസിന് മുകളിൽ മാസ്ക് ഉപയോഗിക്കണം.

18ൽ താഴെയുള്ളവരുടെ കൊവിഡ് ചികിത്സയിലും ലക്ഷണമില്ലാത്ത രോഗികളിലും ആന്റിമൈക്രോബിയൽ ചികിത്സ ആവശ്യമില്ല. ഗുരുതരമായ കേസുകളിൽ അണുബാധ കൂടുതലെങ്കിൽ മാത്രം ആന്റിമൈക്രോബിയൽ നൽകാം.

ലക്ഷണമില്ലാത്തവർക്കും നേരിയ രോഗമുള്ളവർക്കും സ്റ്റിറോയ്ഡുകൾ നൽകുന്നത് അപക‌ടമാണ്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ 3-5 ദിവസങ്ങളിൽ സ്റ്റിറോയ്ഡുകൾ നൽകരുത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗുരുതരാവസ്ഥയിലുള്ളവർക്ക് ഡോക്‌ടറുടെ മേൽനോട്ടത്തിൽ മാത്രമേ നൽകാവൂ. കോർട്ടിക്കോ സ്റ്റിറോയ്ഡുകളും ഗുരുതര രോഗമുള്ളവർക്ക് മാത്രമേ നൽകേണ്ടതുള്ളൂ.

കുട്ടികൾക്ക് ആവശ്യമായ പരിചരണം, മാനസിക പിന്തുണ, പോഷകകാര്യത്തിലെ കൗൺസലിംഗ്, യോഗ്യരായവർക്ക് വാക്സിൻ തുടങ്ങിയവ ലഭ്യമാക്കാനും നിർദ്ദേശമുണ്ട്.