s

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ

125 -ാം ജന്മദിനം ഇന്ന്

......................................

1945 ആഗസ്റ്റ് 18ന് ജപ്പാന്റെ അധീനതയിലായിരുന്ന ഇന്നത്തെ തായ്‌വാനിലുള്ള ഫോർമോസയിലെ തായ്‌ഹോക്കുവിലുണ്ടായ വിമാനാപകടത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടെന്നാണ് നിഗമനം. എന്നാൽ രാജ്യം ഇന്ന് നേതാജിയുടെ 125-ാം ജന്മദിനം ആചരിക്കുമ്പോഴും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

ഹിരോഷിമ,നാഗസാക്കി അണുസ്ഫോടനങ്ങളിൽ ഞെട്ടുകയും റഷ്യ തങ്ങൾക്ക് എതിരാകുകയും ചെയ്‌തതിന് പിന്നാലെ, ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിൽ കീഴടങ്ങാൻ തീരുമാനിച്ചതിന് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു വിമാനാപകടം.

താൻ നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ ആർമിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബോദ്ധ്യമായെങ്കിലും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം തുടരാൻ തീരുമാനിച്ചുകൊണ്ടാണ് വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ പെട്ടിയുമായി സോവിയറ്റ് യൂണിയനിൽ അഭയം തേടുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം അവസാന യാത്രയ്‌ക്കൊരുങ്ങിയത്. പക്ഷേ ആ വിമാനത്തിൽ നേതാജി ഉണ്ടായിരുന്നില്ലെന്നും അപകടം രക്ഷപ്പെടാനുള്ള മറയായിരുന്നെന്നും വാദമുണ്ട്. ബ്രിട്ടൻ അടക്കമുള്ള സഖ്യകക്ഷികൾ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നതിനാൽ നേതാജിയെ പിടികൂടി വെടിവച്ച് കൊല്ലാൻ പദ്ധതിയുണ്ടായിരുന്നു. ഇത് മുൻകൂട്ടിക്കണ്ട് റഷ്യയിലേക്ക് രക്ഷപ്പെട്ട നേതാജി അവിടെ ജയിലിൽ കഴിയവേ മരിച്ചെന്നും അതല്ല, റഷ്യയിലേക്ക് രക്ഷപ്പെട്ടശേഷം പിന്നീട് ഗുംനാമി ബാബ എന്ന സന്യാസിയുടെ രൂപത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയെന്നും ചിലർ വിശ്വസിക്കുന്നു. വിമാനാപകടത്തെ തുടർന്ന് സംസ്കരിച്ചത് ഒരു ജപ്പാൻകാരന്റെ മൃതദേഹമാണെന്നാണ് ഇവരുടെ വാദം.

ദുരൂഹതകളുടെ ഭഗവാൻജി

നേപ്പാളിൽ നിന്ന് ഉത്തർപ്രദേശിൽ എത്തിയ ഭഗവാൻജി എന്ന ഗുംനാമി ബാബയെ ചുറ്റിപ്പറ്റിയാണ് ഏറെ ദുരൂഹതകൾ ഉയർന്നത്. ഉത്തർപ്രദേശിൽ അയോദ്ധ്യ, ഫൈസാബാദ്, ബസ്തി, ലഖ്നൗ തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ച ഈ സന്യാസിയുടെ മുഖം ആരും കണ്ടിട്ടില്ല. ഇദ്ദേഹത്തെ കാണാൻ പശ്ചിമ ബംഗാളിൽ നിന്ന് നിരവധി ആക്ടിവിസ്റ്റുകൾ എത്തുമായിരുന്നു. ടൈം മാഗസിനും റീഡേഴ്സ് ഡൈജസ്റ്റും പതിവായി വരുത്തിയ ഇദ്ദേഹത്തിന്റെ വീട് സദാ ഇന്റലിജൻസ് ബ്യൂറോയുടെയും ലോക്കൽ പൊലീസിന്റെയും നിരീക്ഷണത്തിലുമായിരുന്നു.

1985 സെപ്തംബർ 16ന് ഗുംനാമി ബാബ അന്തരിച്ചശേഷം വസതിയിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്ത വസ്തുക്കൾ ദുരൂഹത വർദ്ധിപ്പിച്ചു. സുഭാഷ് ചന്ദ്രബോസ് ധരിച്ചിരുന്നതു പോലത്തെ കണ്ണട, വാച്ച്, പുകവലിക്കാനുള്ള പൈപ്പ്, കുടുംബ ഫോട്ടോകൾ, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പുസ്‌തകങ്ങൾ, നിരവധി കത്തുകൾ, തുടങ്ങി 7000 ൽ അധികം സാധനങ്ങൾ കണ്ടെടുത്തെങ്കിലും അവയൊന്നും പൊതുജനങ്ങൾക്ക് മുന്നിലെത്തിയിട്ടില്ല.

1945 ൽ നേതാജി കൊല്ലപ്പെട്ടെങ്കിലും ഇന്ത്യ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞും അദ്ദേഹത്തിന്റെ ബംഗാളിലെ കുടുംബക്കാരെയും സുഹൃത്തുക്കളെയും കേന്ദ്രസർക്കാർ സദാ നിരീക്ഷിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷുകാർ ചെയ്‌ത നടപടികൾ കേന്ദ്രസർക്കാർ തുടരുകയായിരുന്നു. നിരീക്ഷണ വിവരങ്ങൾ അപ്പപ്പോൾ ഇന്ത്യ ബ്രിട്ടനെ അറിയിക്കുകയും ചെയ്തിരുന്നതായി പശ്ചിമ ബംഗാൾ സർക്കാർ പുറത്തുവിട്ട ക്ളാസിക്കൽ രേഖകളിൽ പറയുന്നു.

മുഖർജി കമ്മിഷൻ

1999 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച സുപ്രീം കോടതി റിട്ട. ജ‌ഡ്‌ജി എം.കെ. മുഖർജി കമ്മിഷൻ നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ പരിശോധിച്ചിരുന്നു. ടോക്യോയിലെ നിചിരെൻ ബുദ്ധമതക്കാരുടെ റെങ്കോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള നേതാജിയുടെ ചിതാഭസ്മം ജപ്പാനിലെ ഇന്ത്യൻ അംബാസിഡറുടെ മേൽനോട്ടത്തിലാണുള്ളത്. ഈ ചിതാഭസ്മം സുബാഷ് ചന്ദ്രബോസിന്റേതാണെന്നും ഗുംനാമി ബാബ മറ്റാരോ ആണെന്നും പറയുന്നുണ്ടെങ്കിലും ദുരൂഹതങ്ങൾ പൂർണമായി തള്ളുന്നതല്ല മുഖർജി കമ്മിറ്റിയുടെ കണ്ടെത്തലുകൾ.

തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ മാദ്ധ്യമ പ്രവർത്തകൻ അനൂജ് ധറിന്റെ ഇന്ത്യാസ് ബിഗെസ്റ്റ് കവർ അപ് , അനൂജും ചന്ദ്രചൂർ ഘോസും ചേർന്നെഴുതിയ കോനൻഡ്രം എന്നീ പുസ്തകങ്ങളിൽ വിവരിക്കുന്നുണ്ട്. നേതാജിയുടെ ഡി.എൻ.എ പരിശോധനകളുടെ വിശ്വാസ്യത ഇവർ ചോദ്യംചെയ്യുന്നു. മാറിവരുന്ന സർക്കാരുകൾ ചില കാര്യങ്ങൾ മറച്ചുവയ്ക്കുന്നുവെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഈ പുസ്തകങ്ങളെ ആധാരമാക്കി ശ്രജിത് മുഖർജി ഗുംനാമി എന്ന പേരിൽ സംവിധാനം ചെയ്‌ത സിനിമയും ശ്രദ്ധിക്കപ്പെട്ടു.

അന്ത്യയാത്ര

1945 ആഗസ്റ്റ് 17ന് ഇന്നത്തെ വിയ്റ്റ‌്നാമിലുള്ള സായ്ഗനിൽ നിന്ന് ഇരട്ട എൻജിൻ ബോംബർ വിമാനത്തിലാണ് നേതാജി അവസാനയാത്ര പുറപ്പെട്ടത്. തൗറേനിൽ രാത്രി തങ്ങിയശേഷം ആഗസ്റ്റ് 18ന് ഇന്നത്തെ തായ്‌വാനിലുള്ള ഫോർമോസയിലെ തായ്‌ഹോക്കുവിലെത്തി. അവിടെനിന്ന് ഉച്ചയ്‌ക്ക് രണ്ടരയ്ക്ക്

അന്ന് റഷ്യയുടെ അധീനതയിലായിരുന്ന (ഇന്ന് ചൈനയുടെ കീഴിൽ) ഡൈരനിലേക്കുള്ള യാത്രയ്‌ക്കായി പറന്നുയർന്ന വിമാനം റൺവേയിൽ തകർന്നു വീഴുകയായിരുന്നു. ഇന്ധനടാങ്കിനു മുകളിലായി ഇരുന്ന നേതാജിയുടെ മേൽ രണ്ടായി പിളർന്ന വിമാനത്തിൽ നിന്നുള്ള ഇന്ധനം വീഴുകയും പുറത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തീപൊള്ളലേൽക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നേതാജി നാൻമോൻ മിലിട്ടറി ആശുപത്രിയിൽ ചികിത്സയ്ക്കിടെ രാത്രി എട്ടുമണിയോടെ മരിച്ചെന്നാണ് വിവരം. ആഗസ്റ്റ് 20ന് തായ്‌ഹോക്കുവിൽ സംസ്കരിച്ചെങ്കിലും മരണം വിവരം ഔദ്യോഗികമായി പുറത്തുവരുന്നത്

മൂന്നു ദിവസം കഴിഞ്ഞാണ്.