
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും മൂന്നുലക്ഷത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 3,06,064 കേസുകളാണ് ഏറ്റവും ഒടുവിൽ സ്ഥിരീകരിച്ചത്. 20.75ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഞായറാഴ്ച റിപ്പോർട്ട് ചെയ്‌തതിനെക്കാൾ 27,469 കേസുകൾ കുറവാണെന്ന ആശ്വാസമുണ്ട്. അതേസമയം 439 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അതേസമയം, ഇന്ത്യയിൽ അടക്കം ലോകത്ത് കൊവിഡ് അതിവ്യാപനത്തിന് ഇടയാക്കിയ ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദം ആർടി.പി.സി.ആർ പരിശോധനയിൽ തെളിയുന്നില്ലെന്ന് സൂചന ശക്തമാകുന്നു. ബ്രിട്ടനിലെ ആരോഗ്യവിദഗ്ദ്ധർ ഇത് സംബന്ധിച്ച മുന്നറിയിപ്പ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഒമിക്രോൺ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന നിരവധി പേർ ആർടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആകുന്നുണ്ട്.
വൈറസ് മനുഷ്യ കോശങ്ങളിൽ കയറിപ്പറ്റാൻ ഉപയോഗിക്കുന്ന സ്പൈക് പ്രോട്ടീനിൽ വന്ന ജനിതക മാറ്റം വിലയിരുത്തി ഒമിക്രോൺ സാന്നിദ്ധ്യം കണ്ടുപിടിക്കാൻ ആർ.ടി.പി.സി. ആർ പരിശോധനയിൽ കഴിയുന്നുണ്ട്. പക്ഷേ ബി.എ1നെ അപേക്ഷിച്ച് ബി.എ 2 എന്ന ഉപവകഭേദത്തിൽ സ്പൈക് പ്രോട്ടീനിൽ വലിയ മാറ്റങ്ങളില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാൽ ആർ.ടി.പി.സി.ആറിൽ തെളിഞ്ഞേക്കില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ഒമിക്രോൺ കണ്ടെത്തുന്നതിൽ ആർടി.പി.സി.ആർ പരിശോധനയുടെ പ്രാധാന്യം കുറയുന്നില്ലെന്നും അവർ വിശദീകരിക്കുന്നു.
ഒമിക്രോണിന് ബി.എ 1, ബി.എ 2, ബി.എ3 എന്നീ മൂന്ന് ഉപവകഭേദങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. നിലവിൽ ബി.എ1 എന്ന ഉപവകഭേദമാണ് ലോകത്ത് വ്യാപകമായി രോഗം പരത്തുന്നത്. എന്നാൽ ഇന്ത്യയിലും യു.കെ, ഡെൻമാൻക്ക്, സ്വീഡൻ, നോർവെ തുടങ്ങിയ രാജ്യങ്ങളിലും കണ്ടെത്തിയിട്ടുള്ള ബി.എ 2 ഉപവകഭേദം ബി.എ1നെ താമസിയാതെ മറികടന്നേക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
കർണാടകയിൽ കുട്ടികളിലെ കൊവിഡ് വർദ്ധിക്കുന്നു
കർണാടകയിൽ കൊവിഡ് ബാധിതരാകുന്ന 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം കൂടുന്നു. ഈ മാസം ഇതുവരെ 12800ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ജൂലായ് മുതൽ ഡിസംബർ വരെയുള്ള ആറു മാസത്തെ ആകെ കോവിഡ് കണക്കിനേക്കാൾ കൂടുതലാണ് ജനുവരിയിൽ കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം. ആറു മാസത്തിനിടയിഷ പത്ത് വയസ്സിന് താഴെയുള്ള 7246 കുട്ടുകളാണ് കോവിഡ് ബാധിതരായത്. എന്നാല്‍ ജനുവരി അവസാനിക്കാൻ ഒമ്പത് ദിവസം ശേഷിക്കേ ഈ കണക്ക് 12876ൽ എത്തി. അതായത് ഒരു ദിവസം 585 കുട്ടികളാണ് കൊവിഡ് പോസിറ്റീവ് ആകുന്നത്.
മഹാരാഷ്ട്രയിൽ സ്കൂളുകൾ തുറന്നു
ഒമിക്രോൺ വ്യാപനം നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലിൽ മഹാരാഷ്ട്രയിൽ ചില ജില്ലകളിൽ ഒഴികെ ഒന്നുമുതൽ 12 വരെ ക്ളാസുകളിൽ ഒാഫ്ലൈൻ പഠനം പുനരാരംഭിച്ചു. ഒമിക്രോൺ കുതിച്ചുയർന്നതിനെ തുടർന്ന് ഈമാസം ആദ്യവാരം പഠനം പൂർണമായി ഒാൺലൈനിലേക്ക് മാറിയിരുന്നു. ഇതിനെതിരെ രക്ഷിതാക്കളും പൊതുപ്രവർത്തകരും രംഗത്തു വരികയും സ്കൂളുകൾ തുറക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് സർക്കാരിന് ശുപാർശ നൽകുകയും ചെയ്തിരുന്നു.കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാനും കുട്ടികൾ രക്ഷിതാക്കളുടെ സമ്മതപത്രം കൊണ്ടുവരണമെന്നും നിർദ്ദേശമുണ്ട്. ഒമിക്രോൺ വ്യാപനം കൂടുതലുള്ള പൂനെ, ഔറംഗബാദ് ജില്ലകളിൽ സ്കൂളുകൾ തുറക്കില്ല