
പി. നാരായണക്കുറുപ്പ്, ശങ്കര നാരായണ മേനോൻ, പ്രൊഫ. റോസമ്മ ഐപ്, കെ.വി. റാബിയ പദ്മശ്രീ
ന്യൂഡൽഹി: കൂനൂരിൽ കോപ്ടർ അപകടത്തിൽ അകാലമൃത്യു വരിച്ച രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് രാജ്യം മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ നൽകി ആദരിച്ചു.
തൃശൂർ ചാവക്കട് വല്ലഭട്ടകളരി സംഘം ഗുരിക്കൽ ചൂണ്ടയിൽ ശങ്കര നാരായണ മേനോൻ, വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിലൂടെ പ്രശസ്തയായ കാർഷിക സർവകലാശാല മുൻ അദ്ധ്യാപിക പ്രൊഫ. റോസമ്മ ഐപ്, വിദ്യാഭ്യാസ വിദഗ്ദ്ധനും കവിയും എഴുത്തുകാരനുമായ ഹരിപ്പാട് സ്വദേശി പി. നാരായണക്കുറുപ്പ്, ഭിന്നശേഷി മറികടന്ന് സാക്ഷരതാ പ്രവർത്തനത്തിലൂടെ പ്രശസ്തയായ മലപ്പുറം വെള്ളിയക്കടവ് സ്വദേശി കെ.വി. റാബിയ എന്നിവർ കേരളത്തിൽ നിന്ന് പദ്മശ്രീക്ക് അർഹരായി.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ്, വാരണാസി സ്വദേശിയും
ഗീത പ്രസ് ട്രസ്റ്റ് ചെയർമാനും കല്യാൺ മാസികയുടെ എഡിറ്ററുമായിരുന്ന രാധേശ്യാം ഖേംക (രണ്ടുപേർക്കും മരണാനന്തര ബഹുമതി), പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതഞ്ജ പ്രഭ ആത്രേ എന്നിവർക്കും പദ്മവിഭൂഷൺ ലഭിച്ചു.
പ്രമുഖ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ, കൊവാക്സിൻ വികസിപ്പിച്ച ഹൈദരാബാദിലെ ഭാരത് ബയോടെക് മേധാവികളായ ശ്രീകൃഷണ യെല്ല, സുചിത്ര യെല്ല, കൊവിഷീൽഡ് ഉൽപ്പാദിപ്പിച്ച പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനെവാല, മൈക്രോസോഫ്റ്റ് മേധാവിയായ ഇന്ത്യൻ വംശജൻ സത്യനാരായണ നദേല്ല, ഗൂഗിൾ മേധാവിയായ ഇന്ത്യൻ വംശജൻ സുന്ദരരാജൻ പിച്ചൈ, അമേരിക്കയിൽ താമസിക്കുന്ന നടിയും കുക്കറി ഷോ താരവുമായ മധുർ ജഫ്രി തുടങ്ങി 21 പേർക്ക് പദ്മഭൂഷണും പ്രഖ്യാപിച്ചു.
ഒളിമ്പ്യൻ നീരജ് ചോപ്ര, ഗായകൻ സോനു നിഗം, കഥക് നർത്തികകളായ കമാലിനി അസ്താന, നളിനി അസ്താന, ബാഡ്മിന്റൺ താരം പ്രമോദ് ഭഗത്, ഹോക്കി താരം വന്ദന കഠാരിയ തുടങ്ങി 107 പേർക്കാണ് പദ്മശ്രീ. ഇക്കൊല്ലത്തെ പദ്മ അവാർഡുകളിൽ 34 പേർ വനിതകളും 10 വിദേശികളും ഉൾപ്പെടുന്നു. 13 പേർക്ക് മരണാനന്തര ബഹുമതിയാണ്.
പദ്മഭൂഷൺ ലഭിച്ച മറ്റുള്ളവർ: ടാറ്റ ഗ്രൂപ്പ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, ബംഗാളി നടൻ വിക്ടർ ബാനർജി, പാരാലിമ്പിക് ജാവലിൻ താരം ദേവേന്ദ്ര ജജ്ജറിയ, മുൻ ഫിനാൻസ് സെക്രട്ടറി രാജീവ് മെഹ്റിഷി, ഇന്ത്യൻ വംശജനായ മെക്സിക്കൻ ശാസ്ത്രജ്ഞൻ ഡോ.സഞ്ജയ് രാജാറാം (മരണാനന്തരം), ഒഡിഷ എഴുത്തുകാരി പ്രതിഭാ റോയ്, ഗുജറാത്തി എഴുത്തുകാരൻ സ്വാമി സച്ചിതാനന്ദ്, വസിഷ്ഠ് ത്രിപാഠി (വിദ്യാഭ്യാസം-യു.പി), റാഷിദ് ഖാൻ (കല-യു.പി).