
ന്യൂഡൽഹി: ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ തക്കവണ്ണം ഇന്ന് ഇന്ത്യ മികച്ച നിലയിലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. രാജ്യം പുരോഗതിയുടെ പാതയിലൂടെ മുന്നേറുകയും ആഗോള സമൂഹത്തിൽ ശരിയായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഒരു രാഷ്ട്രമെന്ന ഐക്യത്തിന്റെ ആഘോഷമാണ് റിപ്പബ്ലിക് ദിനാഘോഷം. ഈ അവസരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ നാം ഓർക്കേണ്ടതുണ്ട്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാർഷിക ദിനം കഴിഞ്ഞ ദിവസമാണ് നാം ആചരിച്ചത്. സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ പോരാട്ടം നമ്മുടെ രാജ്യത്തിന് പ്രചോദനമാണ്. വൈവിധ്യമാർന്നതും ശക്തവുമായ നമ്മുടെ ജനാധിപത്യത്തെ ലോകം മുഴുവൻ അഭിനന്ദിക്കുകയാണ്. കൊവിഡിനെ രാജ്യം ഫലപ്രദമായി നേരിട്ടുവെന്നതിൽ തനിക്ക് അഭിമാനമുണ്ട്.
നമ്മുടെ സൈനികരും സുരക്ഷാ ഭടന്മാരുമാണ് രാഷ്ട്രത്തിന്റെ അഭിമാനം ഉയർത്തി പിടിക്കുന്നത്. കുടുംബത്തിൽ നിന്ന് അകലെ അതിർത്തികളിൽ അസഹ്യമായ കാലാവസ്ഥയിലും അവർ മാതൃരാജ്യത്തിനായി കാവൽ നിൽക്കുകയാണ്. ഇവരുടെയും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്ന പൊലീസ് സേനയുടെയും ജാഗ്രത മൂലമാണ് നാം സമാധാന ജീവിതം നയിക്കുന്നത്. അതേ പോലെ ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനവും അഭിമാനകരമാണ്. -രാഷ്ട്രപതി പറഞ്ഞു.