amitshah

ന്യൂഡൽഹി: പടിഞ്ഞാറൻ യു.പിയിലെ കർഷക പ്രതിഷേധം ജാട്ട് വിഭാഗങ്ങളിലുണ്ടാക്കിയ സ്വാധീനം മറികടക്കാൻ ജാട്ട് നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തി. കേന്ദ്രമന്ത്രിയും പടിഞ്ഞാറൻ യു.പിയിലെ ജാട്ട് നേതാവുമായ സഞ്ജീവ് ബലിയാൻ, എം.പിമാരായ സത്യപാൽ സിംഗ്, പർവേഷ് വർമ്മ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ പടിഞ്ഞാറൻ യു.പിയിലെ 200 ഓളം ജാട്ട് നേതാക്കൾ പങ്കെടുത്തു.

യു.പിയിൽ ആദ്യഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിൽ ജാട്ട് സമുദായം നിർണായക ഘടകമാണ്.

ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിയെ അനുനയിപ്പിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.

സമാജ്‌വാദി പാർട്ടി ആർ.എൽ.ഡിയുമായി ചേർന്ന് മത്സരിക്കാൻ തീരുമാനിച്ചതോടെ പടിഞ്ഞാറൻ യു.പിയിലെ തിരഞ്ഞെടുപ്പ് പോരാട്ടം ബി.ജെ.പിക്ക് വെല്ലുവിളിയാണ്. മുസ്ലിം വോട്ട് കൂടി ഈ സഖ്യത്തിന് ലഭിച്ചാൽ, കഴിഞ്ഞ തവണ ഈ മേഖലയിൽ നേടിയ സീറ്റുകളിൽ പലതും നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ നിന്നാണ് ജാട്ടുകളുമായി അമിത് ഷാ നേരിട്ട് കൂടിക്കാഴ്ച നടത്തിയത്.

ജാട്ട് സമുദായത്തെ അനുനയിപ്പിക്കാൻ യോഗത്തിൽ നിരവധി കാര്യങ്ങൾ ഷാ മുന്നോട്ട് വച്ചു.