
ന്യൂഡൽഹി: ഇന്ത്യ - മദ്ധ്യേഷ്യ സഹകരണം പ്രാദേശിക സുസ്ഥിരതയുടെ താക്കോലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ - മദ്ധ്യേഷ്യ ഉച്ചകോടിയെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളെ തുടർന്ന് പ്രാദേശിക സുരക്ഷയുടെയും സുസ്ഥിരതയുടെയും കാര്യത്തിൽ ഇന്ത്യയും മദ്ധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് വലിയ പ്രാധാന്യമുണ്ട്. കസഖിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായുള്ള ആദ്യ ഉച്ചകോടിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇതിനായി ഫലപ്രദമായ ഒരു പദ്ധതിയും വളരെ താല്പര്യപൂർവ്വമുള്ള ഒരു റോഡ് മാപ്പും ഉച്ചകോടി തയ്യാറാക്കേണ്ടതുണ്ട്. സംയോജിതവും സുസ്ഥിരവുമായ വിപുലീകൃതമായ ഒരു അയൽപക്കത്തെ കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ച്ചപ്പാടിന്റെ കേന്ദ്രഭാഗമാണ് മദ്ധ്യേഷ്യയെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയിൽ കസഖിസ്ഥാൻ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ്.
ഉസ്ബക്കിസ്ഥാനുമായി ഇന്ത്യൻ സംസ്ഥാനങ്ങൾ സഹകരണം വർദ്ധിപ്പിക്കുന്നതിൽ സജീവ പങ്കാളികളാണ്. കിർഗിസ്ഥാനിൽ ഇന്ത്യയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്നു. സുരക്ഷാ മേഖലയിൽ താജിക്കിസ്ഥാനുമായി ദീർഘകാല സഹകരണമുണ്ട്. പ്രാദേശിക കണക്റ്റിവിറ്റിക്കായുള്ള ഇന്ത്യയുടെ കാഴ്ച്ചപ്പാടിന്റെ സുപ്രധാന ഭാഗമാണ് തുർക്ക്മെനിസ്ഥാനെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്ര തലവന്മാരുടെ
ആദ്യ ഉച്ചകോടി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് രാജ്യങ്ങളുടെയും രാഷ്ട്രതലവന്മാർക്ക് മുഖ്യാഥിതികളായി റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കണക്റ്റിവിറ്റി, വ്യാപാരം, അഫ്ഗാനിലെ സാഹചര്യം, സഹകരണത്തിനായി സാങ്കേതികമായ രൂപരേഖ തുടങ്ങിയ കാര്യങ്ങൾ സമ്മേളന അജണ്ടയിലുണ്ട്. നിലവിൽ ആറ് രാജ്യങ്ങൾക്ക് വിദേശകാര്യ മന്ത്രിമാരുടെ ഒരു പൊതുവേദിയുണ്ട്. ഇന്ത്യ - മദ്ധ്യേഷ്യ ഡയലോഗ് എന്ന ഈ വേദിയുടെ മൂന്നാമത്തെ യോഗം ഡിസംബറിൽ ഡൽഹിയിൽ ചേർന്നിരുന്നു.