brahmos

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ ഇനി ഫിലിപ്പൈൻസ് നാവികസേനയ്‌ക്ക് കരുത്തേകും. 2,​770 കോടി രൂപയ്‌ക്ക് ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാനുള്ള കരാർ ഇന്നലെ ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിൽ ഒപ്പിട്ടു.

ദക്ഷിണ ചൈന കടലിൽ ചൈനയുടെ ഭീഷണി ചെറുക്കാനാണ് ഫിലിപ്പൈൻസ് മിസൈൽ വാങ്ങുന്നത്. തായ്‌ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, യു.എ.ഇ, സൗദി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ബ്രഹ്മോസ് മിസൈൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതിനാൽ ആയുധ വിപണിയിലും ഇന്ത്യയ്‌ക്ക് അവസരമൊരുങ്ങുന്നു.

ശബ്‌ദത്തിന്റെ മൂന്ന് മടങ്ങ് വേഗതയുള്ള ബ്രഹ്മോസിന്റെ കപ്പൽ വേധ പതിപ്പാണ് ഫിലിപ്പൈൻസ് വാങ്ങുന്നത്. 290 കിലോമീറ്ററാണ് പ്രഹര പരിധി. ബ്രഹ്‌മോസ് എയ്റോസ്‌പേസ് ഡയറക്‌ടർ ജനറൽ അതുൽ ദിൻകർ റാണെയും ഫിലിപ്പൈൻസ് പ്രതിരോധ സെക്രട്ടറി ഡെൽഫിൻ ലൊറൻസാറയുമാണ് കരാറിൽ ഒപ്പിട്ടത്.

മിസൈൽ പ്രവർത്തിപ്പിക്കാനും പരിപാലിക്കാനുമുള്ള പരിശീലനവും കരാറിന്റെ ഭാഗമാണ്. 2017ൽ തുടങ്ങിയ ചർച്ചകളാണ് കരാറിലെത്തിയത്. ഫിലിപ്പൈൻസ് കരസേനയ്‌ക്കു വേണ്ടിയുള്ള കരാർ വൈകാതെ ഒപ്പിടും. ഇന്ത്യൻ കര, നാവിക വ്യോമ സേനകളുടെ കരുത്തായ ബ്രഹ്‌മോസ് ആദ്യമായാണ് ഒരു വിദേശ രാജ്യത്തിന് നൽകുന്നത്.

ഇന്തോ പസിഫിക് സമുദ്ര മേഖലയിൽ ചൈനയുടെ ഭീഷണി ചെറുക്കാൻ ക്വാഡ് സഖ്യത്തിന് (യു.എസ്, ആസ്ട്രേലിയ, ജപ്പാൻ) പുറമെ ഫിലിപ്പൈൻസ് പോലുള്ള ആസിയാൻ രാജ്യങ്ങളുമായും ഇന്ത്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് ഇടപാട്.

ശത്രു വിമാനങ്ങൾ, ഹെലികോപ്‌ടറുകൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ തകർക്കാൻ ശേഷിയുള്ള ആകാശ് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനും ഫിലിപ്പൈൻസ്, ഈജിപ്‌റ്റ്, കെനിയ, അൾജീരിയ, സൗദി, യു.എ.ഇ, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഫിലിപ്പൈൻസ് വാങ്ങുന്നത്

 മൂന്ന് ബാറ്ററി ബ്രഹ്മോസ്

 ഒരു ബാറ്ററിയിൽ രണ്ട് മിസൈൽ ലോഞ്ചറും കമാൻഡ് കൺട്രോളും

 ഒരു ബാറ്ററിയിൽ നിന്ന് പത്ത് സെക്കൻഡിൽ രണ്ട് മിസൈൽ വീതം വിക്ഷേപിക്കാം