pegasas

 ചാര സോഫ്‌റ്റ്‌വെയർ ആയുധ ഇടപാടിന്റെ ഭാഗമായെന്ന് ന്യൂയോർക്ക് ടൈംസ്

 നാളെ പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ, കേന്ദ്രസർക്കാർ പ്രതിരോധത്തിൽ.

ന്യൂഡൽഹി: ഇസ്രയേലുമായുള്ള 200 കോടി ഡോളറിന്റെ (12,880 കോടി രൂപ) ആയുധ ഇടപാടിന്റെ ഭാഗമായി, ഇന്ത്യ പെഗസസ് ചാര സോഫ്ട്‌വെയറും വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ വെളിപ്പെടുത്തൽ. നാളെ പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ, കേന്ദ്രസർക്കാരിനെ ഇത് പ്രതിരോധത്തിലാക്കി. 2017ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേൽ സന്ദർശനത്തിന്റെ ഭാഗമായി ബരാക്-8 മിസൈൽ പ്രതിരോധ സംവിധാനവും, ഇന്റലിജൻസ് ഉപകരണങ്ങളും വാങ്ങാൻ ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസുമായി ഉണ്ടാക്കിയ കരാറിനൊപ്പം വ്യാജ സോഫ്ട്‌വെയറും കൈമാറിയെന്നാണ് വാർത്ത. ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിച്ചത്. നരേന്ദ്രമോദിക്കൊപ്പം അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടൽത്തീരത്ത് നഗ്നപാദനായി ഉലാത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഗാഢ ബന്ധം വ്യക്തമാക്കി. ഒരു മാസത്തിനു ശേഷം നെതന്യാഹു ഇന്ത്യ സന്ദർശിച്ചു. യു.എസ്, പോളണ്ട്, ഹംഗറി, മെക്സിക്കോ, പനാമ തുടങ്ങിയ രാജ്യങ്ങൾക്കും ഇന്ത്യയ്ക്കും പെഗസസ് ചാര സോഫ്ട്‌വെയർ കൈമാറിയ ഇസ്രയേൽ, നയതന്ത്ര തലത്തിൽ പ്രത്യുപകാരം തേടി. മുൻ നിലപാടിന് വിരുദ്ധമായാണ് ഇന്ത്യ 2019 ജൂണിൽ ഐക്യരാഷ്ട്ര സഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൽ പാലസ്തീൻ മനുഷ്യാവകാശ സംഘടനകൾക്കുള്ള നിരീക്ഷണ പദവി റദ്ദാക്കണമെന്ന ഇസ്രയേൽ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്‌തത്. ഇന്ത്യയിൽ രാഹുൽ ഗാന്ധിയടക്കം പ്രതിപക്ഷ നേതാക്കളുടെയും, കേന്ദ്രമന്ത്രിമാരടക്കം ബി.ജെ.പി നേതാക്കളുടെയും, മാദ്ധ്യമ പ്രവർത്തകർ, ജഡ്ജിമാർ, വ്യവസായികൾ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെയും ഫോണുകൾ പെഗസസ് ഉപയോഗിച്ച് ചോർത്തിയെന്ന ആരോപണം വിവാദമായതും ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.

 നിഷേധിച്ച്

കേന്ദ്ര സർക്കാർ

പെഗസസ് ആരോപണങ്ങൾ സത്യവിരുദ്ധമാണെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞിരുന്നു. സോഫ്റ്റ്‌വെയർ വാങ്ങിയിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയത്.

പെഗസസ് ഉപയോഗം സംബന്ധിച്ച അന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ അദ്ധ്യക്ഷനായ മൂന്നംഗ സമിതി, ഫോൺ ചോർത്തിയെന്ന് സംശയിക്കുന്നവർ തെളിവു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 പാർലമെന്റിൽ

ഉയർത്താൻ കോൺഗ്രസ്

രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കാനും സ്വന്തം ജനതയെ വഞ്ചിക്കാനും മടിയില്ലാത്ത മോദി സർക്കാർ ആരോപണത്തിന് മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ഈ വിഷയം പാർലമെന്റിലും പുറത്തും വീണ്ടും ഉന്നയിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. .

 പെഗസസ് ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, ജഡ്ജിമാർ, സൈനികർ എന്നിവരുടെ ഫോൺ മോദി സർക്കാർ ചോർത്തിയും ജനാധിപത്യ സ്ഥാപനങ്ങളിൽ ചാരപ്രവർത്തനം നടത്തിയും രാജ്യദ്രോഹമാണ് '.

-രാഹുൽ ഗാന്ധി