
ന്യൂഡൽഹി: ആയിരം ഡ്രോണുകൾ ആകാശത്തൊരുക്കിയ വർണപ്രപഞ്ചവും സ്വാതന്ത്ര്യസമര കഥകൾ പറഞ്ഞ ലേസർ ഷോയും പാശ്ചാത്യ ഈണങ്ങൾക്ക് പകരം ഇന്ത്യൻ ഗാനങ്ങൾ ഉയർന്ന ബാൻഡ് മേളവും ദൃശ്യ,ശ്രാവ്യ അനുഭവമൊരുക്കിയ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങോടെ ഇക്കൊല്ലത്തെ റിപ്പബ്ളിക് ദിനാഘോഷത്തിന് കൊടിയിറങ്ങി. രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.
റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ച് പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ നടക്കുന്ന സായുധ സേനാംഗങ്ങളുടെ ബീറ്റിംഗ് റിട്രീറ്റ് ബാൻഡ് മേളയിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഡ്രോണുകളുടെ പ്രകടനവും ലേസർ ഷോയും ഉൾപ്പെടുത്തിയത്.
1950മുതൽ ബീറ്റിംഗ് റിട്രീറ്റിന്റെ മുഖ്യ ആകർഷണവും ഗാന്ധിജിയുടെ പ്രിയഗാനവുമായ സ്കോട്ടിഷ് ആംഗ്ളിക്കൽ സാഹിത്യകാരനായ ഹെൻറി ഫ്രാൻസിസ് ലൈറ്റ് രചിച്ച 'അബൈഡ് വിത്ത് മീ' അടക്കം പാശ്ചാത്യ, ബോളിവുഡ് ഈണങ്ങൾ ഇക്കുറി ഒഴിവാക്കി. കര, നാവിക, വ്യോമ, അർദ്ധ സൈനിക വിഭാഗങ്ങളുടെ ആറു ബാൻഡ് സംഘങ്ങളിൽ നിന്നുള്ള 44 ബഗ്ളർമാരും16 ട്രംമ്പറ്റർമാരും 75 ഡ്രമ്മർമാരും അവതരിപ്പിച്ചത് 26 പുതിയ ഈണങ്ങൾ.
ഡൽഹി ഐ.ഐ.ടിയുടെ സഹായത്തോടെ ശാസ്‌ത്ര സാങ്കേതിക വകുപ്പാണ് എൽ.ഇ.ഡി ബൾബുകൾ ഘടിപ്പിച്ച ആയിരം ഡ്രോണുകളുടെ പത്തു മിനിട്ട് നീണ്ട ഷോ അവതരിപ്പിച്ചത്. വിജയ് ചൗക്കിന് മുകളിൽ ആകാശത്ത് ഇന്ത്യയുടെ ഭൂപടവും മേക്ക് ഇൻ ഇന്ത്യയുടെ ലോഗോയും 75-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ആശംസയുമെല്ലാം വരച്ച് വിസ്മയിപ്പിച്ച ഡ്രോണുകളുടെ പ്രകടനമായിരുന്നു ഇക്കൊല്ലത്തെ മുഖ്യ ആകർഷണം. യു.കെ, റഷ്യ, ചെെന രാജ്യങ്ങളിൽ മാത്രമാണ് സമാനമായ ഡ്രോൺ പ്രകടനം നടന്നിട്ടുള്ളത്.