
ന്യൂഡൽഹി:മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി മുഴുവൻ സീറ്റുകളിലും മത്സരിക്കും. 60 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ മണിപ്പൂരിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പ്രഖ്യാപിച്ചു. ബി.ജെ.പിക്ക് 30 ഉം സഖ്യകക്ഷികളായ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് 3ഉം നാഗാ പീപ്പിൾസ് ഫ്രണ്ടിന് 4 ഉം അംഗങ്ങളാണുള്ളത്. 3 സ്വതന്ത്രന്മാരും മുന്നണിയെ പിന്തുണക്കുന്നു. ഇത്തവണ രണ്ട് സഖ്യകക്ഷികളെയും ഒഴിവാക്കി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ബി.ജെ.പി. ബി.ജെ.പിയിൽ ചേർന്ന 16 കോൺഗ്രസ് എം.എൽ.എമാരിൽ 10 പേർക്ക് സീറ്റ് ലഭിച്ചു. 2017 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 21 സീറ്റുകളാണ് നേടിയത്. 21 പേരിൽ 19 പേർക്കും ടിക്കറ്റ് ലഭിച്ചു. ഇത്തവണ വനിതകളിൽ നിന്ന് 3 പേരും മുസ്ലിം വിഭാഗത്തിൽ നിന്ന് ഒരാളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ബി.ജെ.പിയിൽ ചേർന്ന മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദാസ് കോന്തൗജത്തിനും സീറ്റ് ലഭിച്ചു. 3 മുൻ ഐ.എ.എസുകാരും പട്ടികയിലുണ്ട്.ഖ്യമന്ത്രി ബീരേൻ സിംഗ് സിറ്റിംഗ് മണ്ഡലമായ ഹെന്നിംഗ് ഗാങ്ങിൽ നിന്ന് മത്സരിക്കും.
പാർട്ടിക്കുള്ളിൽ പ്രതിഷേധവും രാജിയും
സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ നിരവധി ബി.ജെ.പി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ബിരേൻ സിംഗ്, എന്നിവരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സീറ്റ് നിഷേധത്തെ തുടർന്നാണിതെന്നാണ് വിവരം.
സംസ്ഥാനത്തെ പാർട്ടി ഓഫിസുകൾക്ക് നേരെ ആക്രമണം നടന്നെന്നും റിപ്പോർട്ടുണ്ട്. പ്ലക്കാഡുകളുമായി നിരവധിയിടങ്ങളിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. ഇംഫാലിലെ പാർട്ടി ഹെഡ്ക്വാർട്ടേഴ്സിൽ പൊലീസ് സുരക്ഷ ശക്തമാക്കി. സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് ചിലർ പാർട്ടി വിട്ടതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.