
ന്യൂഡൽഹി:സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രയോജനമുള്ള എച്ച് -1ബി വിസയ്‌ക്ക് അപേക്ഷിക്കാൻ മാർച്ച് 1 മുതൽ 18 വരെ രജിസ്റ്റർ ചെയ്യാമെന്ന് യു.എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവ്വീസസ് അറിയിച്ചു. ഓൺലൈൻ എച്ച് 1 - ബി രജിസ്ട്രേഷൻ സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവ്വീസസിൽ നിന്ന് അപേക്ഷ സ്ഥിരീകരിച്ചതായി അറിയിച്ച് ഒരു നമ്പർ ലഭിക്കും.പത്ത് ഡോളറാണ് രജിസ്ട്രേഷൻ ഫീസ്.
അപേക്ഷ നൽകുന്ന ഓരോ ആളും മൈ യു.എസ്.സി.ഐ.എസ് എന്ന പ്രത്യേക അക്കൗണ്ട് ഉണ്ടാക്കണം. മാർച്ച് 18 കഴിഞ്ഞാൽ അർഹരായവരെ തിരഞ്ഞെടുത്ത വിവരം മാർച്ച് 31നുള്ളിൽ അപേക്ഷകന്റെ അക്കൗണ്ടിലൂടെ അറിയിപ്പായി വരും. അമേരിക്കയിലെ തൊഴിൽ ദാതാക്കളും ഏജന്റുമാരും ഫെബ്രുവരി 21 മുതൽ അവരുടെ അക്കൗണ്ടുകൾ യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് എമിഗ്രേഷൻ സർവ്വീസിൽ രജിസ്റ്റർ ചെയ്യും.
എൻജിനീയറിംഗ്, മാത്തമാറ്റിക്‌സ്
ഐ.ടി കമ്പനികളിൽ ജോലി ചെയ്യുന്നവരും എൻജിനീയറിംഗ്, മാത്തമാറ്റിക്സ് വിഭാഗങ്ങളിലുള്ളവരുമായ ഇന്ത്യക്കാർ എല്ലാ വർഷവും അമേരിക്ക അനുവദിക്കുന്ന എച്ച് 1 - ബി വിസ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 65,000 വിസകളിൽ 20,000 യു.എസ് മാസ്റ്റേഴ്സ് ബിരുദധാരികൾക്കാണ്. കഴിഞ്ഞ വർഷം ആമസോൺ, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി, കോഗ്നിസന്റ് എന്നി സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതൽ എച്ച് -1 ബി വിസകൾ സ്വീകരിച്ചത്. കൊവിഡ് കണക്കിലെടുത്ത് അഭിമുഖം ഒഴിവാക്കിയിരുന്നു.