
ന്യൂഡൽഹി:അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകൾ പാർലമെന്റിലെ ബഡ്ജറ്റ് സമ്മേളനത്തെ ബാധിക്കുമെങ്കിലും ചർച്ചകളെ അത് സ്വാധീനിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്നത്തെ ലോകസാഹചര്യത്തിൽ ഇന്ത്യയുടെ അവസരങ്ങൾ നിരവധിയാണ്. പാർലമെന്റിലെ ചർച്ച ലോക സമൂഹത്തിൽ ചലനം സൃഷടിക്കാൻ കഴിയുന്ന തരത്തിലാകണം. രാജ്യത്തിന്റെ വികസനത്തിനായുള്ള ചർച്ചയാണ് നടക്കേണ്ടത്. എം.പിമാർ തുറന്ന മനസ്സോടെ ചർച്ചയ്ക്ക് തയ്യാറാവണം. സമ്മേളനം കഴിയുന്നത്ര ഉപയോഗപ്രദമാക്കണം. സാമ്പത്തിക പുരോഗതിയും വാക്സിനേഷൻ പദ്ധതിയും ഇന്ത്യയിൽ വികസിപ്പിച്ച വാക്സിനുകളും ലോകത്തിന് നമ്മുടെ രാജ്യത്തെ കുറിച്ച് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മോദിയെ പരിഹസിച്ച് തരൂർ; ഒമിക്രോണിനെക്കാൾ അപകടകാരി 'ഓ മിത്രോം'
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിക്കുന്ന 'മിത്രോം' (സുഹൃത്തുക്കളേ) എന്ന വാക്കിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഡോ. ശശിതരൂർ എം.പിയുടെ ട്വീറ്റ്. 'ഒമിക്രോണിനേക്കാൾ വളരെ അപകടകാരിയാണ് 'ഓ മിത്രോം'! ധ്രുവീകരണം, വിദ്വേഷവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കൽ, ഭരണഘടനയ്ക്കെതിരായ ആക്രമണങ്ങൾ, ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ എന്നിവയിലെല്ലാം ഈ വാക്കിന്റെ അനന്തരഫലങ്ങൾ നമ്മൾ അളക്കുകയാണ്. ഈ വൈറസിന് തീവ്രത കുറഞ്ഞ വകഭേദങ്ങളില്ല'. തരൂർ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ ഗുരുതരമായ കൊവിഡ് സാഹചര്യത്തെ ലഘൂകരിച്ച് കാണിക്കാനുള്ള ശ്രമമാണിതെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു. രാഹുൽ ഗാന്ധി കൊവിഡിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ, കോൺഗ്രസ് യഥാർത്ഥത്തിൽ ഗുരുതരമായ സാഹചര്യത്തെ ലഘൂകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.