
ന്യൂഡൽഹി: ഗുഡ്ഗാവിലെ പൊതു ഇടങ്ങളിലെ നമാസ് സംബന്ധിച്ച് ഹരിയാന ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന അപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. ഹരിയാന ചീഫ് സെക്രട്ടറി സഞ്ജീവ് കൗശൽ, ഡി.ജി.പി പി.കെ. അഗ്രവാൾ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ രാജ്യസഭാ എം.പി മുഹമ്മദ് അദീബ് സമർപ്പിച്ച ഹർജിയിലാണ് തീരുമാനം. വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് 2018ലെ തെഹ്സീൻ എസ് പൂനവാലെ കേസിലെ വിധിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഹരിയാന അധികൃതർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടത്.