election-commission-of-in

ന്യൂഡൽഹി: കൊവിഡുമായി ബന്ധപ്പെട്ട മുൻ കരുതൽ തുടരേണ്ടതിനാൽ തിരഞ്ഞെടുപ്പ് റാലി, റോഡ് ഷോ, പദയാത്ര, ബൈക്ക്, സൈക്കിൾ റാലികൾ എന്നിവയ്ക്കുള്ള നിരോധനം ഈ മാസം 11 വരെ നീട്ടിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എന്നാൽ 1,000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്കും 500 പേരെ പങ്കെടുപ്പിച്ച് ഹാളിനുള്ളിൽ നടത്തുന്ന യോഗങ്ങൾക്കും അനുമതി നൽകി. വീടു വീടാന്തരം കയറിയുള്ള പ്രചാരണം10 പേരിൽ നിന്ന് 20 ആക്കി വർദ്ധിപ്പിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ രാജീവ് കുമാർ, അനൂപ് ചന്ദ്ര പാണ്ഡെ എന്നിവർ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ

തുടങ്ങിയവരുമായി നടത്തിയ അവലോകനത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ കൊവിഡ് വ്യാപനം സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് കമ്മിഷന് നൽകിയിരുന്നു.

സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകാൻ പോകുമ്പോൾ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം 2 ആയി നിശ്ചയിച്ചു. റിട്ടേണിംഗ് ഓഫീസർമാരുടെ ചേംബറുകളിൽ സാമൂഹിക അകലം പാലിക്കണം. ഓരോ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടർമാരുടെ എണ്ണം 1,500 ൽ നിന്ന് 1,200 ആയി കുറച്ചു. കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പോളിംഗിന്റെ അവസാന മണിക്കൂറിൽ ആരോഗ്യ വിദഗ്ദ്ധരുടെ അനുമതിയോടെ വോട്ട് ചെയ്യാം. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കാനും പോളിംഗ് ബൂത്തുകളിലെ ആളുകളുടെ എണ്ണം കുറയ്ക്കാനും വേണ്ട നടപടികൾ എടുക്കാൻ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു.