modi

ന്യൂഡൽഹി: ഉത്തർപ്രദേശ് കത്തുമ്പോൾ അന്ന് അധികാരത്തിലിരുന്നവർ ആഘോഷിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പടിഞ്ഞാറൻ യു.പിയിൽ അഞ്ച് വർഷം മുമ്പ് നടന്ന വർഗീയ കലാപത്തെ സൂചിപ്പിച്ചായിരുന്നു പരമാർശം. യു.പി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ആദ്യ വെർച്വൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

അന്ന് സംസ്ഥാനത്ത് കലാപകാരികളുടെയും മസിൽമാൻമാരുടെയും ഭരണമായിരുന്നു. വ്യാപാരികൾ കൊള്ളയടിക്കപ്പെട്ടു. പെൺകുട്ടികൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇന്ന് യു.പിയിൽ പാവപ്പെട്ടവർക്ക് വീടുകളും പിന്നാക്ക വിഭാഗങ്ങൾക്കുള്ള നയങ്ങളും മെഡിക്കൽ കോളേജുകളും എക്സ്‌പ്രസ് വേകളും മുസ്ലിം സ്ത്രീകൾക്കുള്ള പദ്ധതികളും നൽകുന്ന സർക്കാരാണുള്ളത്.

ഗൗതം ബുദ്ധനഗറിൽ എസ്.പി ഭരണകാലത്ത് 5 വർഷം കൊണ്ട് പാവപ്പെട്ടവർക്ക് 75 വീടുകൾ നിർമ്മിച്ച് നൽകിയപ്പോൾ യോഗി സർക്കാർ 23,000 വീടുകളാണ് നിർമ്മിച്ചത്. ഷാംലി, മുസഫർനഗർ,ബാഗ്പത് നഗരങ്ങളിൽ എസ്.പി സർക്കാർ 8,00 വീടുകൾ നൽകിയപ്പോൾ യോഗി സർക്കാർ 33,000 വീടുകൾ നൽകിയെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിനുകളെ വിശ്വസിക്കാതിരുന്ന അഖിലേഷിന് യു.പിയിലെ യുവാക്കളുടെ കഴിവുകളെ ബഹുമാനിക്കാൻ കഴിയുമോയെന്നും മോദി ചോദിച്ചു.