5ജി കണക്‌ടിവിറ്റി ഉടൻ യാഥാർത്ഥ്യമാകും
ഇന്ത്യയുടെ ദർശനം പദ്മ അവാർഡിൽ പ്രതിഫലിച്ചു
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതികളും നയങ്ങളും വിശദീകരിച്ചും വാക്സിനേഷൻ അടക്കം കൊവിഡ് പ്രതിരോധത്തിലെ മികവ് ചൂണ്ടിക്കാട്ടിയുമുള്ള രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെന്റിൽ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. കൊവിഡിനോട് പൊരുതുന്ന സമയത്തും ഇന്ത്യൻ ജനത ജനാധിപത്യ മൂല്യങ്ങളിൽ അച്ചടക്കവും ഉത്തരവാദിത്വ ബോധവും പ്രകടിപ്പിച്ചെന്ന് രാഷ്‌ട്രപതി പറഞ്ഞു. കൊവിഡ് വെല്ലുവിളി ലക്ഷ്യങ്ങളെ അതിവേഗം കൈവരിക്കാനുള്ള പ്രചോദനമായി മാറി. കൊവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്ര-സംസ്ഥാന-പ്രാദേശിക സർക്കാരുകൾ, ഡോക്‌ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, ശാസ്ത്രജ്ഞർ, വ്യവസായികൾ തുടങ്ങിയവരെല്ലാം ഒരു ടീമായാണ് പ്രവർത്തിച്ചത്. ഇത് ജനാധിപത്യത്തിന്റെ ശക്തി കാട്ടിത്തന്നു.
വാക്സിനേഷനിൽ നേടിയ വൻ മുന്നേറ്റം കൊവിഡ് പ്രതിരോധത്തിൽ നിർണായകമായി. ലോകത്ത് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ വാക്സിനുകൾ പ്രധാന പങ്കു വഹിക്കുന്നു. 180ഒാളം രാജ്യങ്ങളിലെത്തുന്ന ഇന്ത്യൻ ഔഷധങ്ങളും കൊവിഡ് കാലത്ത് മികവു തെളിയിച്ചു. കൊവിഡ് സൃഷ്‌ടിച്ച നിലവിലെ പ്രശ്നങ്ങളും ഭാവിയിലെ ആശങ്കകളും മുന്നിൽ കണ്ടാണ് സർക്കാർ 64,000 കോടിരൂപ വകയിരുത്തി ആയുഷ്‌മാൻ ഭാരത് ആരോഗ്യപദ്ധതി ആവിഷ്‌കരിച്ചത്. കൊവിഡ് കാലത്ത് പട്ടിണി ഒഴിവാക്കാൻ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജ്ന സഹായിച്ചു. കർഷകരുടെ ശാക്തീകരണത്തിന് സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നതിനാൽ കൊവിഡ് കാലത്തും ഭക്ഷ്യ സംഭരണവും ഹോർട്ടികൾച്ചർ ഉത്പാദനവും കയറ്റുമതിയും റെക്കാഡ് സൃഷ്‌ടിച്ചു. ചെറുകിട കർഷകരെ ലക്ഷ്യമിട്ടുള്ള 1.80 ലക്ഷം കോടിയുടെ പി.എം കിസാൻ സമ്മാൻ നിധി കാർഷിക മേഖലയിൽ വൻ മാറ്റത്തിന് വഴി തെളിച്ചു.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതും ഹജ്ജ് കർമ്മത്തിനുള്ള നിയന്ത്രണം നീക്കിയതും മുസ്ളീം സ്ത്രീകളുടെ ശാക്തീകരണത്തിനുള്ള നടപടികളാണ്. മുസ്ളീം പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് അവരുടെ സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് കുറച്ചു. സമൂഹത്തിൽ തുല്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 ആയി ഉയർത്താനുള്ള ബിൽ കൊണ്ടുവന്നത്. ഇന്റർനെറ്റ് ചെലവും സ്മാർട്ട്ഫോൺ വിലയും കുറച്ചത് യുവ തലമുറയെ സഹായിച്ചു. രാജ്യത്ത് 5ജി മൊബൈൽ കണക്‌ടിവിറ്റി ഉടൻ യാഥാർത്ഥ്യമാകും. ഇന്ത്യയുടെ ദർശനം ഇക്കൊല്ലത്തെ പദ്മ അവാർഡ് പ്രഖ്യാപനത്തിൽ പ്രതിഫലിച്ചെന്നും രാഷ്‌ട്രപതി പറഞ്ഞു.