
ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിക്കിടെ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബഡ്ജറ്റ് ഇന്നുരാവിലെ 11ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ കുതിപ്പിന് അനിവാര്യമായ ഇളവുകൾ ഇടംപിടിച്ചേക്കാം. ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിർണായക നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബഡ്ജറ്റ് ജനപ്രിയമാകുമെന്നാണ് വിലയിരുത്തൽ. കർഷക സമരം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകാതിരിക്കാൻ കാർഷിക മേഖലയ്ക്കും കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ആരോഗ്യമേഖലയ്ക്കും ഊന്നലുണ്ടായേക്കും. കൂടുതൽ നികുതി വിഹിതം, ജി.എസ്.ടി നഷ്ടപരിഹാര കാലാവധി നീട്ടൽ, വായ്പാ പരിധി വർദ്ധിപ്പിക്കൽ, എയിംസ് അനുവദിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കേരളവും പ്രതീക്ഷിക്കുന്നു.