
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ളിയറൻസ് നിഷേധിച്ചതിനെ തുടർന്ന് മീഡിയ വൺ ചാനലിന്റെ സംപ്രേഷണം നിറുത്താനുള്ള ഉത്തരവ് നടപ്പാക്കുന്നത് കേരള ഹൈക്കോടതി രണ്ടു ദിവസത്തേക്ക് തടഞ്ഞു. നാളെ കേസ് വീണ്ടും പരിഗണിക്കും.
പത്തു വർഷ ലൈസൻസ് കാലാവധി പുതുക്കുന്നതിന്റെ ഭാഗമായ സുരക്ഷാ അനുമതിയാണ് നിഷേധിച്ചത്. ലൈസൻസ് പുതുക്കാൻ ഇക്കഴിഞ്ഞ മേയിൽ ചാനൽ ഉടമകൾ വാർത്താ വിതരണ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. വാർത്താ വിതരണ മന്ത്രാലയം ഈമാസം ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ചാനൽ നൽകിയ വിശദീകരണം തള്ളിയാണ് ഇന്നലെ സംപ്രേഷണ അനുമതി റദ്ദാക്കിയത്. പിന്നാലെ മീഡിയ വൺ ഹൈക്കോടതിയെ സമീപിച്ചു.
അനുമതി നിഷേധിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്ന് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തിവയ്ക്കുന്നതാണ് നടപടിയെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പറഞ്ഞു. കേന്ദ്ര നടപടിക്കെതിരെ കേരളത്തിൽ നിന്നുള്ള എം.പിമാരും പ്രതിഷേധിച്ചു.