podi
കിഴക്കമ്പലം നെല്ലാട് റോഡിൽ വലമ്പൂർ ഭാഗത്തെ റോഡിൽ നിന്നുമുയരുന്ന പൊടിപടലം

കിഴക്കമ്പലം: കിഴക്കമ്പലം-നെല്ലാട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് പൊതുമരാമത്ത് വകുപ്പിന്റെ തരികിട. അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചിട്ടും സമയബന്ധിതമായി പൂർത്തിയാക്കാതെ കോടതിയുടെയും നാട്ടുകാരുടെയും കണ്ണിൽ പൊടിയിടുകയാണ് വകുപ്പുദ്യോഗസ്ഥർ. റോഡുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

കോടതിയുടെ കണ്ണിൽ പൊടിയിടാനായി കേസുകളുടെ അടുത്ത അവധിക്ക് മുമ്പായി റോഡ് പണി തുടങ്ങി എന്നു വരുത്തിതീർക്കാനായി ഇവിടെ പേരിന് ഓട്ടയടയ്ക്കൽ നടത്തി മുങ്ങിയമട്ടാണ് പൊതുമരാമത്ത് വകുപ്പ്. ഇതോടെ ദുരിതത്തിലായത് റോഡിനിരുവശവുമുള്ളവരാണ്. റോഡിലെ വമ്പൻ കുഴികൾ ജെ.സി.ബി കൊണ്ട് കുത്തിയിളക്കിയിട്ടു. ഇതോടെ പൊടിശല്ല്യം രൂക്ഷമായി. റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തി റിപ്പോർട്ട് നൽകാൻ കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ കോടതി അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയിരുന്നു. പണി ചെയ്തെന്ന് വരുത്തിതീർക്കാനായി ഉദ്യോഗസ്ഥർ നടത്തിയ ചെപ്പടിവിദ്യ നാട്ടുകാരെ ശ്വാസകോശ രോഗികളാക്കുന്ന വിധമാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. പ്രായമായവരടക്കം കൊച്ചുകുട്ടികളാണ് റോഡിൽ നിന്നുമുയരുന്ന പൊടിമൂലം കഷ്ടപ്പെടുന്നത്. പ്രായമായ പലർക്കും ശ്വാസതടസം നേരിട്ടതോടെ ഇവരെ ബന്ധുവീടുകളിലേക്കടക്കം മാറ്റിയിരിക്കുകയാണ്.

ഈ റോഡിനു വേണ്ടി ഹൈക്കോടതിയിൽ നെല്ലാട്റോഡ് വാട്സ്ആപ്പ് ഗ്രൂപ്പ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയും, ബിജു ജോർജ്, അഡ്വ. പ്രമോജ് എബ്രഹാം തുടങ്ങിയർ സമർപ്പിച്ച ഹർജികളും പരിഗണിക്കവെ കോടതി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ നിശിതമായി വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് കുളമായ റോഡ് ഉദ്യോഗസ്ഥർ പൊടിക്കളമാക്കിയത്. റോഡ് ലെവൽസ് നടപടികൾ പുരോഗമിക്കുകയാണെന്നും വൈകാതെ ടാറിംഗ് നടത്തുമെന്നുമാണ് വകുപ്പുദ്യോഗസ്ഥർ പറയുന്നത്.

 കച്ചവടം പൂട്ടിക്കുന്ന പൊടി

പൊടിശല്ല്യം രൂക്ഷമായതോടെ കച്ചവടക്കാരും ദുരിതത്തിലായി. പണ്ടേ റോഡ് തകർന്ന് കിടക്കുന്നതിനാൽ ഈവഴി വാഹന ഗതാഗതം കുറവാണ്. കച്ചവടവും അധോഗതിയിലാണ്. വേനൽ കടുത്തതോടെ പൊടിശല്ല്യം കൂടിയായതോടെ പലരും ഉച്ചയോടെ കടയടച്ച് വീട്ടിൽ പോവുകയാണ്. വെയിലൊതുങ്ങിയിട്ടാണ് തുറക്കുന്നത്. സ്വന്തം നിലയിൽ റോഡ് നനച്ച്കൊടുത്ത് പൊടിയൊതുക്കിയാണ് വൈകിട്ട് കച്ചവടം തുടരുന്നത്. കട പൂർണ്ണമായും തുറന്ന് വക്കാനും കഴിയില്ല. കടക്കുള്ളിലെ ഉത്പന്നങ്ങൾ നശിച്ച് പോകുന്നതായും കച്ചവടക്കാർ പറയുന്നു.