
 എം.ഡി.എം.എ ഉപയോഗം കുത്തനേ കൂടുന്നു
കൊച്ചി: ഉന്മാദലഹരി പകരുന്ന എം.ഡി.എം.എ (വിളിപ്പേര് മോളി) ആണ് ഇപ്പോൾ കേരളത്തിലെ ഏറ്റവും പ്രിയമുള്ള മയക്കു മരുന്ന്. യുവതയെ മോളി ആപൽക്കരമാംവിധം വശീകരിക്കുകയാണ്. പാർട്ടി ഡ്രഗ് എന്ന് പൊതുവേ അറിയപ്പെടുന്നു. എക്സ്റ്റസി, ഇ, 'കല്ല്' തുടങ്ങിയ പേരുകളുമുണ്ട്.
കേരളത്തിൽ പിടിക്കുന്ന എം.ഡി.എം.എയുടെ അളവ് കൂടുകയാണ്. 2021ൽ 6.10 കിലോ പിടികൂടി. ഇതിൽ 4.40 കിലോയും എറണാകുളത്തായിരുന്നു. എന്നാൽ 2020ൽ 564 ഗ്രാമും 2019ൽ 230 ഗ്രാമും മാത്രമാണ് പിടിച്ചത്.
റിക്രിയേഷൻ ഡ്രഗ് എന്നും വിശേഷിപ്പിക്കപ്പെടുന്ന ഇത് ഡി.ജെ പാർട്ടികളിൽ താരമാണ്. കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കും. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഉന്മാദതുല്യമായ ആഹ്ലാദമാണ് കിട്ടുക. പാർട്ടികളിലും സംഗീത നിശകളിലും മണിക്കൂറുകൾ തുടർച്ചയായി ഉന്മാദനൃത്തമാടാൻ ഊർജം നൽകും.
ഒരു ഡോസിന് ആറ് മണിക്കൂർ കിക്ക്. ഒരു ഗ്രാം മതി. തരിയായും പൊടിയായും കിട്ടും. കുത്തിവയ്ക്കാം. കഴിക്കുകയുമാവാം. ജ്യൂസിൽ കലർത്തി കഴിക്കുന്നവരാണ് കൂടുതലും. ഉപയോഗിക്കുന്നവരിൽ പെൺകുട്ടികളും ഒപ്പത്തിനൊപ്പം.
ഏറ്റവും പ്രചാരത്തിലുള്ള സിന്തറ്റിക്ക് ഡ്രഗ് ആണ് മെത്തലിൻ ഡയോക്‌സി മെത്താംഫിറ്റമിൻ എന്ന എം.ഡി.എം.എ . 2016ൽ ലോകത്ത് 15 വയസ് കഴിഞ്ഞ രണ്ട് കോടിയിൽ പരം ആളുകൾ എം.ഡി.എം.എ ഉപയോഗിച്ചു. അമേരിക്കയിൽ 2017ൽ ഏഴ് ശതമാനം ആളുകൾ ഇത് ഉപയോഗിച്ചിട്ടുണ്ട്. മിക്ക രാജ്യങ്ങളും നിരോധിച്ചിരിക്കയാണ്.
10 ഗ്രാം 20 കിലോ കഞ്ചാവിന് തുല്യം
20 കിലോ കഞ്ചാവിന് തുല്യമാണ് 10 ഗ്രാം എം.ഡി.എം.എ. ന്യൂഡൽഹി, ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് വരവ്.
വില ലക്ഷങ്ങൾ
ഒരു കിലോ എം.ഡി.എം.എയ്‌ക്ക് മൊത്തവില 10 ലക്ഷം രൂപയിലേറെ. ചില്ലറ വില ഗ്രാമിന് 5,000 മുതൽ.
അതിയായ ക്ഷീണം, വിശപ്പില്ലായ്‌മ, ഉറക്കമില്ലായ്‌മ, അക്രമസ്വഭാവം. ലഭിക്കാതെ വരുമ്പോൾ വിഷാദം, കൈകാലുകൾ കോച്ചിപ്പിടിക്കൽ, പല്ല് കൂട്ടിയിടിക്കൽ. 14 ദിവസമാണ് ഡി അഡിക്‌ഷൻ സെന്ററിൽ ചികിത്സ. അഞ്ച് വർഷം ഉപയോഗിച്ചാൽ മരണം സംഭവിക്കാം.
ഡോ. ഫാരീസ് ബഷീർ
മെഡിക്കൽ ഓഫീസർ, വിമുക്തി, മൂവാറ്റുപുഴ ജനറൽ ആശുപത്രി.
പിടികൂടുന്നത് ചെറിയ അളവ് ആണെങ്കിൽ ജാമ്യം ലഭിക്കും. മീഡിയം അളവാണെങ്കിൽ 360 ദിവസം ജാമ്യമില്ലാതെ ജയിൽശിക്ഷ. വലിയ അളവാണെങ്കിൽ കുടുംബാംഗങ്ങളുടെ അടക്കം സ്വത്തുക്കൾ കണ്ടുകെട്ടാം.
കെ.മുഹമ്മദ് ഷാഫി,
എക്‌സൈസ് വിജിലൻസ് ഓഫീസർ