മൂവാറ്റുപുഴ: കൊവിഡിനുശേഷം കേരളത്തിലേക്ക് വലിയതോതിൽ എത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ വിവരങ്ങൾ ശാസ്ത്രീയമായി ശേഖരിക്കാൻ പൊലീസ് തീരുമാനം. കൊവിഡ് കാലത്ത് മൂവാറ്റുപുഴയിൽ ആരംഭിച്ച തൊഴിൽ കാർഡ് പദ്ധതിയുടെ മാതൃകയിയിലാണ് ഇവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. കൊവിഡ് കാലത്തിനു ശേഷം വലിയതോതിലാണ് അതിഥിത്തൊഴിലാളികൾ കിഴക്കൻ മേഖലയിലേക്ക് എത്തുന്നത്. നഗരത്തിന്റെ മുക്കിലും മൂലയിലും ലേബർ ക്യാംപുകൾ മുളച്ചു പൊങ്ങുന്നു. ഇവർ എവിടെയൊക്കെയാണ് താമസിക്കുന്നതെന്നും എവിടെ നിന്നാണ് വന്നതെന്നും ഉള്ള വിവരങ്ങൾ നിലവിൽ പൊലീസിന്റെയും നഗരസഭ ഉദ്യോഗസ്ഥരുടെയും കൈവശമില്ല.
വാടക ഇനത്തിലും മറ്റും വലിയചൂഷണം ലക്ഷ്യമിട്ട് താത്കാലിക ഷെഡുകൾ നിർമിച്ചുപോലും ചിലർ അന്യസംസ്ഥാന തൊഴിലാളികളെ ഏതു സംസ്ഥാനത്തു നിന്ന് എത്തിയവരാണ് എന്നുപോലും പരിശോധിക്കാതെ വാടകയ്ക്കു താമസിപ്പിക്കുന്നുണ്ട്. ഇതോടെ കൊടും കുറ്റവാളികൾ പോലും അന്യസംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ ലേബർ ക്യാംപുകളിലും മറ്റു വാടകക്കെട്ടിടങ്ങളിലും തിങ്ങിപ്പാർക്കുന്നു. ഇവർക്കിടയിൽ ലഹരി മരുന്ന് ഉപയോഗവും വിതരണവും വലിയതോതിൽ നടക്കുന്നതായി ചൂണ്ടിക്കാണിച്ച് സമീപവാസികൾ ജനപ്രതിനിധികൾക്കും നഗരസഭയ്ക്കും പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടാകുന്നില്ല. കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതികളായവർ നഗരത്തിലെ വിവിധ തൊഴിലാളി ക്യാംപുകളിൽ തമ്പടിച്ചതായാണു നാട്ടുകാർ പറയുന്നത്. ഇവർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളും വർദ്ധിക്കുകയാണ്.
മാതൃക തൊഴിൽകാർഡ്
വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കി വിതരണം ചെയ്യുന്നവരും ബ്രൗൺ ഷുഗർ ഉൾപ്പെടെ വിതരണം ചെയ്യുന്നവരും മൂവാറ്റുപുഴയിൽ നിന്നു പിടിയിലായിരുന്നു. കൊവിഡ് കാലത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ആരംഭിച്ച തൊഴിൽ കാർഡ് പദ്ധതിയുടെ രജിസ്‌ട്രേഷൻ സ്തംഭിച്ചതോടെ ആണ് ഇവരുടെ കൃത്യമായ കണക്കുകൾ പൊലീസിനു ലഭിച്ചുതുടങ്ങിയത്. കൊവിഡ് കാലത്ത് തൊഴിൽ കാർഡ് രജിസ്‌ട്രേഷൻ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 7668 പേർ മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്തിരുന്നു. തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകളുടെ സമ്മതത്തോടെയാണു തൊഴിൽ കാർഡ് നൽകിയിരുന്നത്. ഇത് പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. മൂവാറ്റുപുഴയിൽ ഏഴായിരത്തോളം ബംഗാൾ സ്വദേശികളാണ് തൊഴിൽ കാർഡ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരുന്നത്.168 അസം സ്വദേശികളും, 540 ഒഡീഷ സ്വദേശികളും, 168 ബിഹാർ 30 യു.പി സ്വദേശികളും രജിസ്റ്റർ ചെയ്തിരുന്നു.