കൊച്ചി: കൊവിഡ് മഹാമാരിയുടെ ദുരിതം ഏറ്റുവമധികം അനുഭവിച്ച വ്യാപാര വാണിജ്യ മേഖലകൾക്ക് ആശ്വാസമേകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കാത്തതിൽ കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് പൊതുയോഗം പ്രതിഷേധിച്ചു. ആവശ്യങ്ങളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ആരംഭിക്കാൻ യോഗം തീരുമാനിച്ചു.
ബാങ്കുകൾ വ്യാപാരികളുടെ സഹായത്തിനെത്തുന്നില്ല. സർക്കാർ പ്രഖ്യാപിച്ച വാടകയിളവ് തദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കുന്നില്ല. മുന്നൊരുക്കങ്ങളില്ലാതെ നടപ്പിലാക്കിയ ജി.എസ്.ടി നിയമത്തിലെ പോരായ്മകൾ മൂലമുണ്ടായ തെറ്റുകൾക്ക് പേരിൽ വ്യാപാരികളെ ശിക്ഷിക്കുന്നതു ന്യായികരിക്കാനാവില്ല. ഇ വേ ബിൽ ദൂരപരിധിയിൽ വരുത്തിയ ഭേദഗതികൾ പിൻവലിച്ച് പരിധി പുനസ്ഥാപിക്കണം. വ്യാപാരികൾക്ക് അർഹമായ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കുന്നതിന് സമയപരിധി ദീർഘിപ്പിക്കണം. 1000 രൂപയിൽ താഴെ വിലയുള്ള തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ നികുതി 5ൽ നിന്ന് 12 ശതമാനമായി വർദ്ധിപ്പിച്ചത് പിൻവലിക്കണം. ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാൻ പൊതുയോഗം തീരുമാനിച്ചു.
സംഘടനാ പ്രസിഡന്റ് ജി. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. വിപിൻ സ്വാഗതം ആശംസിച്ചു. സെക്രട്ടറി സോളമൻ ചെറുവത്തൂർ, ട്രഷറർ വി.ഇ. അൻവർ, മുൻ പ്രസിഡന്റും സ്ഥാപക നേതാവുമായ എൽ.എ. ജോഷി, പബ്ലിക്ക് റിലേഷൻസ് സെക്രട്ടറി ജെയിൻ ഖേർ സിംഗ് എന്നിവർ പ്രസംഗിച്ചു.