
മട്ടാഞ്ചേരി: സിമന്റും മെറ്റലും ഓടയിൽ കെട്ടി കിടക്കുന്ന വെള്ളത്തിലിട്ട് നിർമ്മാണ പ്രവൃത്തികൾ നടത്തിയതിനെ തുടർന്ന് മന്ത്രി കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയ കരാറുകാരനെ കൊണ്ട് തന്നെ വീണ്ടും അതേ പ്രവൃത്തികൾ ചെയ്യിക്കുന്നതിനെതിരെ പ്രതിഷേധം. പൊതുമരാമത്ത് വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് മഹാത്മാ സാംസ്കാരിക വേദി ചെയർമാൻ ഷമീർ വളവത്ത്,സുജിത്ത് മോഹനൻ എന്നിവർ ഫോർട്ട്കൊച്ചിയിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. ഫോർട്ട്കൊച്ചി വെളി മാന്ത്രയിലെ പൊതുമരാമത്ത് വകുപ്പിന്റെ ഓട നിർമ്മാണത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് വിഷയത്തിൽ ഇടപെടുകയും കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് നിർത്തി വെച്ച പ്രവൃത്തികളാണ് ഇപ്പോൾ അതേ കരാറുകാരനെ കൊണ്ട് വീണ്ടും ചെയ്യിക്കുന്നതെന്നാണാക്ഷേപം. കരാറുകാരനെ സംരക്ഷിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം പോലും അവഗണിച്ച് ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വരുംദിവസം പ്രതിഷേധം ശക്തമാക്കുമെന്നും ഇവർ വ്യക്തമാക്കി.