haritha-kashaayam-maradu
മരട് കൃഷിഭവൻ വഴി സൗജന്യമായി നൽകുന്ന ഹരിത കഷായത്തിന്റെ വിതരണം നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. ടി.എസ്. ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, പി.ഡി. ശരത്ചന്ദ്രൻ തുടങ്ങിയവർ സമീപം.

മരട്: സുഭിക്ഷം സുരക്ഷിതം - ഭാരതീയ പ്രകൃതികൃഷി പദ്ധതികളിലൂടെ ജൈവകൃഷി തുടങ്ങുന്ന കർഷകർക്ക് മരട് നഗരസഭ കൃഷിഭവൻ വഴി ഹരിതകഷായം സൗജന്യമായി വിതരണം ചെയ്തു തുടങ്ങി. വൃക്ഷായുർവേദ വിധിപ്രകാരം ആര്യവേപ്പ്, കണിക്കൊന്ന, ശീമക്കൊന്ന തുടങ്ങി പത്തു തരം ഔഷധ സസ്യങ്ങളുടെ ഇലകൾ അരിഞ്ഞത് രണ്ടു കിലോ വീതം എടുത്ത് നാടൻ പശുവിന്റെ ചാണകം, കറുത്ത ശർക്കര, മുളപ്പിച്ച ഉഴുന്ന്, എന്നിവയിട്ട് പതിനഞ്ചു മുതൽ ഇരുപത്തിയൊന്ന് ദിവസം വരെ ഇളക്കി യോജിപ്പിച്ചുണ്ടാക്കിയതാണ് ഹരിത കഷായം. ഇത് തയ്യാറാക്കിയത് മരട് കൃഷിഭവന് കീഴിലെ 'ഹരിതം ഫാർമേഴ്‌സ് ഇന്ററസ്റ്റ് ഗ്രൂപ്പ്‌' ആണ്.

നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ വിതരണം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. രാജേഷ് അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. ചന്ദ്രകലാധരൻ, കൃഷി ഓഫിസർ ആഭാ രാജ്, ഹരിതം പ്രസിഡന്റ്‌ പി.ഡി. ശരത്ചന്ദ്രൻ, എ.അൻസാർ, കെ.എസ്. അമ്പിളിക്കല, സീതമോൾ സി.കെ, ആതിര അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.

സമയബന്ധിതമായി ഹരിതകഷായം തയ്യാറാക്കിയ ഹരിതം ഗ്രൂപ്പ്‌ അംഗങ്ങളായ റംല അബ്ദുൽഹമീദ്, ജാൻസി വർഗീസ്, സഫിയ ഗഫൂർ, ജെൻസൺ കുടിലുങ്കൽ, സൗദ മുഹമ്മദാലി, ബീവി അബ്ബാസ് എന്നിവരെയും നേതൃത്വം നൽകിയ പി.ഡി. ശരത്ചന്ദ്രനെയും നഗരസഭാ ചെയർമാൻ അനുമോദിച്ചു.