engine

കൊച്ചി: പതിനഞ്ച് വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം സൗത്ത് സ്‌റ്റേഷനിലെ ഇലക്ട്രിക് ലോക്കോഷെഡ്ഡിലേക്ക് എൻജിൻ എത്തി. ഇവിടേക്ക് അനുവദിച്ച രണ്ട് ഇലക്ട്രിക് എൻജിനുകളിൽ ആദ്യത്തേതാണ് വെള്ളിയാഴ്ച എത്തിയത്. ഈറോഡ് സ്റ്റേഷനിൽ നിന്നാണ് എൻജിൻ കൊണ്ടുവന്നത്. രണ്ടാമത്തെ എൻജിനും അധികം വൈകാതെ എത്തും. ഷെഡ്ഡിലേക്ക് വൈദ്യുതി കണക്ഷനും ലഭിച്ചതോടെ ഇലക്‌ട്രിക് ലോക്കോ ഷെഡിന്റെ പ്രതിസന്ധിക്ക് പരിഹാരമായി.

ഡീസൽ എൻജിനുകളുടെ ഉപയോഗം കുറഞ്ഞതോടെ കേരളത്തിലെ ഏക റെയിൽവേ വർക്ക്‌ഷോപ്പ് ആയ എറണാകുളത്തെ റെയിൽവേ ഡീസൽ ഷെഡിന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. ഇവിടെ ഇലക്‌ട്രിക് എൻജിനുകൾ അറ്റകുറ്റപ്പണി നടത്താൻ സൗകര്യമുള്ളതാക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും അധികൃതർ അനങ്ങിയില്ല. ദക്ഷിണ റെയിൽവേ എംപ്ളോയീസ് യൂണിയന്റെ (ഡി.ആർ.ഇ.യു) നിരന്തരമായ ഇടപെടലിനെ തുടർന്നാണ് ഡീസൽ ഷെഡിന്റെ വൈദ്യുതീകരണം ഉൾപ്പെടുത്തിയത്. ഇതിനായി 1.1 കോടി രൂപ റെയിൽവേ അനുവദിച്ചു. എന്നാൽ വൈദ്യുതീകരണം പൂർത്തിയായിട്ടും ഇവിടേക്ക് എൻജിൻ നൽകാതെ പദ്ധതി വൈകിപ്പിച്ചു.

 വികസനത്തിന് വഴിയൊരുങ്ങി

സൗത്ത് സ്‌റ്റേഷനിലെ ഡീസൽ ഷെഡ്ഡിനോട് അനുബന്ധിച്ചാണ് ഇലക്ട്രിക് ഷെഡ്ഡിന്റെ പ്രവർത്തനം. 327 ജീവനക്കാരാണ് ഇവിടെയുള്ളത്. എൻജിനുകളുടെ പരിപാലനവും അറ്റകുറ്റപ്പണിയും എറണാകുളം ഇലക്ട്രിക് ലോക്കോ ഷെഡ്ഡിന്റെ ചുമതലയിലായിരിക്കും. 50 എൻജിനുകളുടെ അറ്റകുറ്റപ്പണി നടത്താൻ ഇവിടെ സൗകര്യമുണ്ട്. മറ്റ് എൻജിനുകളുടെ അറ്റകുറ്റപ്പണിയും നിർവഹിക്കാനാകും. എൻജിനുകളുടെ പരിപാലനവും അറ്റകുറ്റപ്പണിയും ഇവിടെ നടക്കുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങളുണ്ടാകും.

സംസ്ഥാനത്തു കൂടി സർവീസ് നടത്തുന്ന 90 ശതമാനം ട്രെയിനുകളും ഇലക്ട്രിക്കൽ എൻജിനുകളാണ്. അറ്റകുറ്റപ്പണികൾക്കായി ഇതെല്ലാം നേരത്തെ തമിഴ്‌നാട്ടിലേക്കാണ് അയച്ചിരുന്നത്. ഈറോഡ്,ആർക്കോണം, റോയാപുരം എന്നിവിടങ്ങളിലായി തമിഴ്‌നാടിന് നാല് ഇലക്ട്രിക്കൽ ഷെഡുകളാണുള്ളത്.

സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് 2017 ൽ സൗത്ത് ഡീസൽ ഷെഡിന്റെ വൈദ്യുതീകരണ ജോലികൾ പൂർത്തീകരിച്ചു. ജീവനക്കാർക്ക് പരിശീലനവും നൽകി. അന്നുതുടങ്ങിയ കാത്തിരിപ്പാണ് ഇപ്പോൾ അവസാനിച്ചത്. കൊങ്കൺ റെയിൽവേയിലെ മംഗലാപുരം പനവേൽ പാതയിലെ വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ മുഴുവൻ എൻജിനുകളുടെയും അറ്റകുറ്റ പണികൾ ഇവിടെ നിർവഹിക്കാം.