സ്മാർട്ട് കോർട്ടിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു
കൊച്ചി: ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റേതടക്കം ആറ് കോടതികളും കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയും കടലാസ് രഹിത സ്മാർട്ട് ഡിജിറ്റൽ കോർട്ട് റൂമുകളായി. രാജ്യത്തെതന്നെ ആദ്യത്തെ ഇ ഫയലിംഗ് മജിസ്‌ട്രേട്ട് കോടതികളാണ് കോലഞ്ചേരിയിലും തിരുവനന്തപുരത്തും പ്രവർത്തിക്കുക.
ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇ ഫയലിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം സുപ്രീംകോടതിയിലെ ഇ കമ്മിറ്റി അദ്ധ്യക്ഷൻകൂടിയായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും കടലാസ് രഹിത കോടതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി നിർവഹിച്ചു. ഇ ഓഫീസ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉദ്ഘാടനം ചെയ്തു.
ഇ സർവീസിലൂടെ കോടതി വ്യവഹാരങ്ങൾ എളുപ്പമാക്കുന്നതിനും വേഗത്തിൽ നിയമനടപടികൾ പൂർത്തീകരിക്കാനും സാധിക്കുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മുന്നിട്ടുനിൽക്കുന്ന കേരളത്തിൽ എല്ലാവരിലേക്കും പദ്ധതിയുടെ ഗുണഫലം വേഗത്തിൽ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സംവിധാനങ്ങൾ ഓൺലൈനാകുന്നതിലും കേരളം മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളിലേക്ക് എളുപ്പത്തിൽ നീതി എത്തിക്കുകയാണ് ലക്ഷ്യം. കൂടുതൽ കോടതികൾ കടലാസ് രഹിതമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി. രാജീവ്, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് , കേരള ബാർ കൗൺസിൽ ചെയർമാൻ ജോസഫ് ജോൺ, കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ നിയുക്ത പ്രസിഡന്റ് രാജേഷ് വിജയൻ എന്നിവർ പ്രസംഗിച്ചു. ഹൈക്കോടതി ജഡ്ജിമാരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.