
കൊച്ചി: പത്തുരൂപ ഉൗണ് ഹിറ്റായതോടെ കൊച്ചി കോർപ്പറേഷൻ പുതിയ പരീക്ഷണങ്ങളിലേക്ക് കടക്കുകയാണ്. പ്രഭാതഭക്ഷണത്തിലാണ് തുടക്കം. ഇഡ്ഡലിയും സാമ്പാറും ആദ്യമെത്തും. ഇതോടൊപ്പം കാപ്പിയും ചായയുമുണ്ടാകും. ഇഡ്ഡലി കഴിച്ച് ബോറടിക്കുന്നതിന് മുമ്പേ മസാലദോശ, ഉപ്പുമാവ് തുടങ്ങി വത്യസ്തമായ വിഭവങ്ങൾ എറണാകുളം നോർത്ത് പരമാര റോഡ് ലിബ്ര ഹോട്ടലിൽ പ്രവർത്തിക്കുന്ന സമൃദ്ധി@ കൊച്ചിയിൽ ഉണ്ടാക്കി തുടങ്ങും. കുറച്ചു ദിവസങ്ങൾ കൂടി ഇതിനായി കാത്തിരിക്കണമെന്നു മാത്രം.
ഒരു സമയത്ത് 250 ഇഡ്ഡലി ഉണ്ടാക്കാൻ കഴിയുന്ന അത്യാധുനിക പാത്രങ്ങൾ ഇവിടെയുണ്ട്. പാചകം സ്റ്റീമറിലായതിനാൽ പോഷാകാംശങ്ങൾ ഒട്ടും പാഴാകില്ല. തിങ്കളാഴ്ച മുതൽ പ്രഭാതഭക്ഷണം തുടങ്ങാനായിരുന്നു കോർപ്പറേഷൻ അധികൃതരുടെ പരിപാടി. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ വെള്ളിയാഴ്ചയിലേക്ക് മാറ്റി. പ്രഭാതഭക്ഷണത്തിന് സബ്സിഡിയുണ്ടാവില്ല. സാധാരണവില നൽകേണ്ടിവരും. നിരക്ക് നിശ്ചയിച്ചിട്ടില്ല.
 മീൻകറി കഴിക്കാം
പത്തു രൂപ ഉൗണിന്റെ കൂടെ മീൻകറി ഉണ്ടായിരുന്നെങ്കിൽ എന്ന നോൺവെജ് പ്രേമികളുടെ ആഗ്രഹം സഫലമാകുന്നു. ഫിഷ് ഫ്രൈക്ക് പുറമെ മീൻകറി കൂടി വിളമ്പാനുള്ള ഒരുക്കത്തിലാണ് കോർപ്പറേഷൻ. അടുത്ത ആഴ്ച മുതൽ ഇതും ലഭ്യമാകും. ഒരു പീസ് ഫിഷ് ഫ്രൈക്ക് 30 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഒരേ സമയം നൂറോളം മത്സ്യകഷ്ണങ്ങൾ വറക്കാൻ കഴിയുന്ന അത്യാധുനിക തവയിലാണ് പാചകം. എണ്ണ തീരെ കുറച്ചുമതിയെന്നതാണ് മേൻമ. സാമ്പാർ, രസം എന്നിവയ്‌ക്കെന്ന പോലെ ഫിഷ് മസാലയും ഇവിടെ തന്നെയാണ് തയ്യാറാക്കുന്നത്.
സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർ മാത്രമല്ല പലവിധ ആവശ്യങ്ങൾക്കായി കൊച്ചിയിലേക്കെത്തുന്ന ഇടുക്കി, തൃശൂർ,കോട്ടയം തുടങ്ങിയ സമീപ ജില്ലക്കാരും പത്തു രൂപ ഊണിന്റെ രുചി അറിയാൻ ലിബ്രയിലേക്ക് എത്തുന്നുണ്ട്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തിരക്ക് വർദ്ധിച്ചിരുന്നു
 അത്താഴം അധികംവൈകാതെ
രാവിലെ 11 മുതൽ ഇപ്പോൾ ഇവിടെ ഉച്ചഭക്ഷണം നൽകുന്നുണ്ട്. 10.30 നു തന്നെ ആവശ്യക്കാരെത്തും. വൈകിട്ട് നാലു വരെ ഭക്ഷണം ലഭിക്കും. ഹോട്ടലിനോട് ചേർന്നുള്ള ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിക്കുന്നതോടെ അത്താഴം കൂടി ആരംഭിക്കാനാണ് പരിപാടി. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. മേയർ എം.അനിൽകുമാറിന്റെ കന്നി ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിശപ്പുരഹിത കൊച്ചി എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംഭിച്ചത്.