 
കാലടി : മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കണ്ണിമംഗലം ഭാഗത്ത് വനമേഖലയോടു ചേർന്നുള്ള സ്ഥലത്തുനിന്ന് അനധികൃതമായി മണ്ണും കല്ലും കടത്തുന്നതായി പരാതി. സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്നും പുറമ്പോക്ക് ഭൂമിയിൽ നിന്നുമാണ് മണ്ണും കല്ലും കടത്തുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെ ദിവസവും 70 മുതൽ 100 ലോഡ് വരെ മണ്ണും കല്ലും കടത്തുന്നുവെന്നാണ് ആരോപണം. മണ്ണുമാഫിയ സംഘങ്ങളുടെ നേതൃത്വത്തിലാണ് മണ്ണ് കടത്തൽ. ബന്ധപ്പെട്ട മലയാറ്റൂർ പഞ്ചായത്ത് അധികൃതരോ വില്ലേജ് ഓഫീസറോ യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് മാത്രമല്ല മണ്ണുമാഫിയയ്ക്ക് കൂട്ട് നിൽക്കുകയാണന്നും സി.പി.എം പറയുന്നു. ഹെക്ടർ കണക്കിന് വിസ്തൃതിയിൽ കിടക്കുന്ന വലിയ മലയാണ് മാഫിയ സംഘങ്ങൾ ഇടിച്ച് നിരത്തുന്നതെന്നും ഇത് പരിസ്ഥിതിക്ക് ഗുരുതര ആഘാതമുണ്ടാക്കുമെന്നും ഈ കൊള്ളയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായ് മുന്നോട്ട് വരുമെന്നും സി.പി.എം മലയാറ്റൂർ ലോക്കൽ സെക്രട്ടറി കെ.കെ.വത്സൻ പറഞ്ഞു.