kulam
എടത്തല പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള എടത്തല പഞ്ചായത്ത് കൊതുക് വളർത്തൽ കേന്ദ്രമായ അയ്യൻകുളം

ആലുവ: എടത്തല പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള പഞ്ചായത്തുകുളം കൊതുക് വളർത്തൽ കേന്ദ്രമായെന്ന് പരാതി. എടത്തല പഞ്ചായത്ത് അഞ്ചാം വാർഡിൽ നാലാംമൈലിലാണ് മാലിന്യവും വള്ളിപ്പടർപ്പുകളും നിറഞ്ഞ് പഞ്ചായത്തുവക കുളം നാട്ടുകാർക്ക് വിനയായത്.

പരിസരവാസികളുടെ പ്രതിഷേധത്തെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് കരിങ്കൽ ഭിത്തികെട്ടി കുളം സംരക്ഷിച്ചെങ്കിലും പിന്നീട് നവീകരണമൊന്നുമുണ്ടായില്ല. ഇതിനിടയിൽ ഒരുതവണ കാട് വെട്ടിത്തെളിച്ചെന്ന് മാത്രം. സമീപത്ത് പൊലീസ് സ്റ്റേഷന് പുറമെ നിരവധി വീടുകളും അങ്കണവാടിയുമുണ്ട്. ഇവർക്കെല്ലാം വലിയ കൊതുകുശല്യം അനുഭവപ്പെടുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്ന വാർഡിലാണ് അയ്യൻകുളം സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കുമുമ്പ് നാട്ടുകാരെല്ലാം കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്ന കുളം ശുചീകരണം മുടങ്ങിയതോടെയാണ് നാട്ടുകാർ ഉപേക്ഷിച്ചത്. കുളം സംരക്ഷിക്കുന്നതിന് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.