കൊച്ചി: പത്ര ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ കൊച്ചി ഫോട്ടോ ജേർണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന 'പോർട്ട്‌ഫോളിയോ 2022' സിൽവർ ജൂബിലി എഡീഷൻ ഫോട്ടോ പ്രദർശനത്തിന് ഇന്നുമുതൽ 4 വരെ ഡർബാർ ഹാളിൽ നടക്കും. വിവിധ പത്രമാധ്യമ സ്ഥാപനങ്ങളിലുള്ള 42 ഫോട്ടോഗ്രാഫർമാരുടെ തിരഞ്ഞെടുത്ത 78 വാർത്താചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടാവുക. രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം. ഇന്ന് രാവിലെ 10ന് മന്ത്രി പി. രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും. ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ മനു വിശ്വനാഥ് അദ്ധ്യക്ഷനാകും. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മുതിർന്ന അംഗങ്ങളെ ആദരിക്കലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. മുൻവർഷം വിവിധ അവാർഡുകൾ നേടിയ ഫോട്ടോ ജേർണലിസ്റ്റ് ഫോറത്തിലെ അംഗങ്ങളെ സമ്മേളനത്തിൽ ആദരിക്കും. പ്രമുഖ നടൻ ജയസൂര്യ മുഖ്യാതിഥിയാകും. പ്രദർശനത്തിന്റെ ബ്രോഷർ കഴിഞ്ഞ ദിവസം ലോക ബാഡ്മിന്റൺ താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ പി.വി. സിന്ധു പ്രകാശിപ്പിച്ചിരുന്നു.
മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി., എം.എൽ.എ. മാരായ കെ.ബാബു, ടി.ജെ. വിനോദ്, ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, ഡോ. എൻ അനിൽകുമാർ (ജനറൽ മാനേജർ, കേരള ബാങ്ക് കോർപ്പറേറ്റ് ബിസിനസ്) പ്രസ്‌ക്ലബ് ആക്ടിംഗ് പ്രസിഡന്റ് ജിപ്‌സൺ സിക്കേര, ആക്ടിംഗ് സെക്രട്ടറി സി.എൻ. റെജി എന്നിവർ ആശംസ അർപ്പിക്കും. ജോയിന്റ് കൺവീനർ നിതിൻ കൃഷ്ണൻ സ്വാഗതവും ഫോറം ട്രഷറർ മനു ഷെല്ലി നന്ദിയും പറയും.
സിൽവർ ജൂബിലി നിറവിൽ
1997ൽ തുടക്കമിട്ട ഫോട്ടോ ജേർണലിസ്റ്റ് ഫോറം സിൽവർ ജൂബിലി നിറവിലാണ്. 1997 ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ആണ് പ്രഥമ പ്രദർശനം ഉദ്ഘാടനം ചെയ്തത്. തുടർന്ന് എല്ലാ വർഷവും പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്.