ആലുവ: അറ്റകുറ്റപ്പണി പൂർത്തിയായിട്ടും ആലുവ - തുരുത്ത് റെയിൽവേ നടപ്പാലം തുറക്കുന്നത് മൂന്നുദിവസം കൂടി വൈകിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത്. എം.പിക്കും എം.എൽ.എയ്ക്കും ഉദ്ഘാടന മാമാങ്കം നടത്തുന്നതിനാണ് പാലം മൂന്നുദിവസം കൂടി അടച്ചിട്ടതെന്നും ഈ നടപടി ലജ്ജാകരമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.

29 -ാം തീയതി തന്നെ അറ്റകുറ്റപ്പണി തീർന്നതായും 30ന് തുറക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചതാണ്. 'ഇന്ന് പാലം തുറക്കും' എന്ന നിലയിൽ മാദ്ധ്യമങ്ങളിൽ വാർത്തയും വന്നതാണ്. എന്നിട്ടും തുറന്നില്ല. 1985ൽ പാലം നിർമ്മിച്ചപ്പോൾ പോലും ഉദ്ഘാടനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ അറ്റകുറ്റപ്പണി നടത്തിയതിന്റെ പേരിൽ ഉദ്ഘാടന മാമാങ്കം നടത്തുന്നത് അൽപ്പത്തമാണെന്ന് സി.പി.എം ബാഞ്ച് സെക്രട്ടറി സുനിൽ കോവാട്ട് ആരോപിച്ചു.

അതേസമയം, നവീകരിച്ച ആലുവ തുരുത്ത് റെയിൽവെ നടപ്പാലം ഇന്ന് രാവിലെ 10.30ന് ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കാൽനട യാത്രക്കാർക്കായി തുറന്നു കൊടുക്കും.