 
പറവൂർ: അടച്ചുറപ്പും മഴയത്ത് ചോരാത്തതുമായ ഒരു കിടപ്പാടം എന്ന സ്വപ്നം രാജമ്മയ്ക്ക് യാഥാർത്ഥ്യമായി. വടക്കേക്കര കുഞ്ഞിത്തൈ കുറുപ്പശ്ശേരിൽ പരേതനായ ചന്ദ്രന്റെ ഭാര്യ രാജമ്മ വർഷങ്ങളായി ഒരു സെന്റ് ഭൂമിയിൽ കുടിൽ കെട്ടിയാണ് താമസിച്ചിരുന്നത്. മത്സ്യത്തൊഴിലാളിയായ രാജമ്മ 82-ാം വയസ്സിലും മത്സ്യം വിറ്റാണ് ജീവിക്കുന്നത്. പത്ത് സെന്റ് ഭൂമിയുണ്ടായിരുന്നതിൽ മൂന്നു സെന്റ് വീതം രണ്ട് ആൺമക്കൾക്കും വിവാഹസമയത്ത് മകൾക്കും നൽകി. അവശേഷിച്ച് ഒരു സെന്റിലാണ് രാജമ്മ കുടിൽകെട്ടി താമസിച്ചിരുന്നത്. മൂത്തമകൻ മരിച്ച ശേഷം രണ്ടാമത്തെ മകനോടൊപ്പമായിരുന്നു താമസം. ഇളയമകൻ വീടുവിറ്റ് വയനാട്ടിലേക്ക് പോയതോടെയാണ് കുടിൽ കെട്ടി താമസം മാറ്റിയത്. പ്രളയകാലത്ത് വീട്ടിലുള്ളത് എല്ലാം നഷ്ടപ്പെട്ടു. സാങ്കേതിക കാരണങ്ങളാൽ ഒരു സഹായവും ലഭിച്ചില്ല. വസ്തുസംബന്ധിച്ച് പ്രശ്നങ്ങളാൽ സർക്കാർ പദ്ധതിയിൽ വീട് നിർമ്മാണത്തിനും തടസമായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ചെത്തിയ മിനി വർഗ്ഗീസ് മാണിയാറയോട് രാജമ്മ കിടക്കാൻ കട്ടിൽ കിട്ടുമോയെന്ന് ചോദിച്ചു. ജയിച്ചാലും തൊറ്റാലും കട്ടിൽ ഞാൻ തരുമെന്ന് ഉറപ്പുനൽകി. മിനി വർഗ്ഗീസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുത്ത ദിവസംതന്നെ കട്ടിൽവാങ്ങി രാജമ്മയ്ക്ക് എത്തിച്ചു. ഇതു സമ്മാനിക്കാനെത്തിയത് അന്നത്തെ പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷാണ്. രാജമ്മയുടെ ജീവിത സാഹചര്യം കണ്ട ഹരീഷ് ഒരു സെന്റിൽ കൊച്ചുവീട് നിർമ്മിച്ചു നൽക്കുന്നതിനുള്ള ആശയം മുന്നോട്ടുവച്ചു. നാട്ടിലെ ചിലരുടെ സഹായത്താൽ ആദ്യപടിയായി തറക്കെട്ടി. ഫാ. വർഗ്ഗീസ് താന്നിയത്ത് ട്രസ്റ്റ് ചെയർമാൻ ഫാ. ഫ്രാൻസിസ് താന്നിയത്ത് വീടിന്റെ അടുത്തഘട്ട നിർമ്മാണം ഏറ്റെടുത്തു. പിന്നീട് ജനകീയ സഹകണത്തോടെ വീടിന്റെ എല്ലാം നിർമ്മാണവും പൂത്തിയാക്കി. പുതുവത്സരദിനത്തിൽ ഇരിഞ്ഞാലക്കുട ആർ.ഡി.ഒ എം.എച്ച്. ഹരീഷ് വീടിന്റെ താക്കോൽ കൈമാറി. ഫാ.ഫ്രാൻസിസ് താന്നിയത്ത്, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, മിനി വർഗ്ഗീസ്, വർഗ്ഗീസ് മാണിയാറ, സി.ബി. ബിജി തുടങ്ങിയവർ താക്കോൽദാനത്തിൽ പങ്കെടുത്തു.